54കാരനായ അച്ഛനും 18 കാരി മകളും ഒരേ ബാച്ചിൽ പഠിച്ച് ഒരുമിച്ച് ഡോക്ടർമാരായി പുറത്തിറങ്ങുന്നത് അത്യപൂർവ സംഭവമായിരിക്കും
കാലങ്ങളായുള്ള ആഗ്രഹത്തിന് സാക്ഷാത്കാരം ലഭിച്ചതിന്റെ നിർവൃതിയിലാണ് ലഫ്.കേണൽ ആർ. മുരുഗയ്യൻ. ആ സാക്ഷാത്കാരത്തിൽ മകളും ഒപ്പമുണ്ടെന്നത് ഇരട്ടിസന്തോഷം.
ബി.പി.സി.എൽ. കൊച്ചി റിഫൈനറിയിലെ ചീഫ് മാനേജറായ മുരുഗയ്യൻ മകൾ ആർ.എം.ശീതളിനൊപ്പം വൈകാതെ മെഡിക്കൽ പഠനം തുടങ്ങും.
അതായത് അൻപത്തിനാലുകാരനായ അച്ഛനും പതിനെട്ടുകാരി മകളും ഒരേ ബാച്ചിൽ പഠിച്ച് ഒരുമിച്ച് ഡോക്ടർമാരായി പുറത്തിറങ്ങുന്നത് അത്യപൂർവ സംഭവമായിരിക്കും.
പ്രായപരിധിയില്ലാതെ ആർക്കും നീറ്റ് യോഗ്യതാ പരീക്ഷയെഴുതാമെന്ന സുപ്രീംകോടതിയുടെ ഇളവാണ് മുരുഗയ്യന് പിൻബലമായത്.
ഡോക്ടറാകാൻ കൊതിച്ച് എൻജിനിയറായ തഞ്ചാവൂർ വടക്കുകോട്ടൈ ഗ്രാമത്തിലെ കെ.രാമൻ- ആർ. ആയികണ്ണ് ദന്പതികളുടെ മകൻ മുരുഗയ്യന്റെ ജീവിതമാണ് ഇതോടെ മാറിമറിയുന്നത്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഗ്രാമത്തിൽ നിന്ന് ആശുപത്രിയിലെത്താൻ 18 കിലോമീറ്റർ യാത്ര ചെയ്യേണ്ട ബുദ്ധിമുട്ടിലാണ് മുരുഗയ്യൻ വളർന്നത്. അന്നുമുതലുള്ള ആഗ്രഹമാണ് തനിക്കൊരു ഡോക്ടറാകണമെന്നത്.
1986-ൽ എൻട്രൻസ് പരീക്ഷ വിജയിച്ചെങ്കിലും എൻജിനീയറിംഗിനു പോകാനായിരുന്നു കുടുംബാംഗങ്ങളുടെ നിർബന്ധം.
കോയന്പത്തൂർ പിഎസ്ജി കോളജ് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിംഗ് പാസായശേഷമാണ് ഭാരത് പെട്രോളിയം കന്പനി ലിമിറ്റഡിൽ ജോലിയിലെത്തിയത്.
ജോലിക്കാലത്തും മുരുഗയ്യൻ പഠനം തുടരുകയായിരുന്നു. എറണാകുളം ലോ കോളജിൽനിന്ന് നിയമ ബിരുദവും അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽഎമ്മും മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും പാസായി.
ബിരുദത്തിലും മാനേജ്മെന്റിലും യുജിസി നെറ്റ് പരീക്ഷയും പാസായി. അങ്ങനെയിരിക്കെയാണ് 2018-ൽ ഒരു പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടത്.
നീറ്റ് എഴുതുന്നതിനുള്ള പ്രായപരിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏതാനും വിദ്യാർഥികൾ ഡൽഹി ഹൈക്കോടതിയിൽ ഹർജി കൊടുത്തുവെന്നതായിരുന്നു വാർത്ത.
ഇതേത്തുടർന്ന് നീറ്റിന് പ്രായപരിധി വേണ്ടെന്ന ഉത്തരവുണ്ടായി. ഇത് മുരുഗയ്യനിലെ ഡോക്ടർ എന്ന മോഹത്തെ ഉണർത്തിയതിനെത്തുടർന്ന് 2018-ലെ നീറ്റ് പരീക്ഷ എഴുതി.
ഫലം വന്നപ്പോൾ ഇദ്ദേഹത്തിന്റെ ഫലം മാത്രം പ്രസിദ്ധീകരിച്ചില്ല. അന്വേഷിച്ചപ്പോൾ പ്രായപരിധി ഇളവ് വേണ്ടെന്ന് ഡൽഹി ഹൈക്കോടതിയുടെ അന്തിമവിധി ഉണ്ടായെന്നും കേസ് നിലനിൽക്കുന്നില്ലെന്നും അറിഞ്ഞു.
വിവരാവകാശ നിയമപ്രകാരം പല അപേക്ഷകളും സമർപ്പിച്ചെങ്കിലും മുരുഗയ്യന്റെ ഫലപ്രഖ്യാപനമുണ്ടായില്ല.
അന്പലമുകൾ കൊച്ചിൻ റിഫൈനറി സ്കൂളിലെ വിദ്യാർഥിനിയായിരുന്ന മകൾ ശീതളിനും ഡോക്ടർ ആകണമെന്നായിരുന്നു ആഗ്രഹം.
എൻജിനീയറിംഗിനും നിയമത്തിനുമൊക്കെ എൻട്രൻസ് പാസായെങ്കിലും വൈദ്യശാസ്ത്ര പഠനത്തിൽ ശീതൾ ഉറച്ചു നിന്നു.
2020-ൽ മകളുടെ നീറ്റ് അപേക്ഷ ഫോറം പരിശോധിച്ചപ്പോഴാണ് പരീക്ഷ എഴുതാൻ പ്രായപരിധിയില്ലെന്ന വിധി മുരുഗയ്യന്റെ ശ്രദ്ധയിൽ പെടുന്നത്.
താനും പരീക്ഷയെഴുതാൻ പോകുന്നുവെന്ന കാര്യം മകൾ ശീതളിനോടും ഭാര്യ മാലതിയോടും പറഞ്ഞു. അച്ഛൻ തമാശ പറയുകയാണോയെന്നായിരുന്നു ശീതളിന്റെ ചോദ്യം.
പരീക്ഷയെഴുതാൻ അടുത്ത നന്പറുകൾ കിട്ടുന്നതിന് അച്ഛനും മകളും പുലർച്ചെ രണ്ടു മണിക്ക് രണ്ട് ലാപ്ടോപ്പുകളിലായി അപേക്ഷ പൂരിപ്പിച്ചയച്ചു. 2021 സെപ്റ്റബർ 12 നായിരുന്നു നീറ്റ് പരീക്ഷ .
മുരുഗയ്യന് എരൂർ ശ്രീ നാരായണ ഗുരുകുല വിദ്യാലയത്തിലും മകൾക്ക് കോതമംഗലം ശോഭന പബ്ലിക് സ്കൂളിലുമായിരുന്നു പരീക്ഷാ കേന്ദ്രം.
പരീക്ഷാർഥികൾക്കൊപ്പം മുരുഗയ്യൻ നിരയിൽ നിൽക്കുന്പോൾ സ്കൂളിൽ നിന്ന് അനൗണ്സ്മെന്റ് വന്നു രക്ഷിതാക്കൾ പുറത്തുപോകണമെന്ന്.
തുടർന്നും മുരുഗയ്യൻ നിരയിൽത്തന്നെ നിൽക്കുന്നതു കണ്ട് പരീക്ഷാചുമതലക്കാരെത്തി അവിടെ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടു.
ഹാൾ ടിക്കറ്റ് കാണിച്ച് താൻ പരീക്ഷാർഥിയാണെന്ന് മുരുഗയ്യൻ അറിയിച്ചപ്പോൾ പലർക്കും കൗതുകം.
നീറ്റ് പരീക്ഷ ഫലം വന്നപ്പോൾ ഇരുവരും പാസായി. തുടർന്ന് അലോട്ട്മെന്റിനുള്ള വിവരങ്ങൾ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തപ്പോഴും മുരുഗയ്യന് തടസങ്ങൾ നേരിട്ടു.
ജനന തീയതിയും പ്ലസ് വണ് മാർക്ക് ലിസ്റ്റും അപ് ലോഡ് ചെയ്യാനാകാതെ വന്നതോടെ ഇതു രണ്ടും ഓപ്ഷണൽ ആക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കൗണ്സലിംഗ് കമ്മിറ്റിക്ക് കത്തയച്ചു.
അവരിത് പരിഗണിച്ചതോടെ മുരുഗയ്യനും ശീതളും അലോട്ട്മെന്റിനായി കാത്തിരുന്നു. ഫെബ്രുവരി മൂന്നിനായിരുന്നു ആദ്യ അലോട്ട്മെന്റ് വന്നത്.
മുരുഗയ്യന് ചെന്നൈ ശ്രീലളിതാംബിക മെഡിക്കൽ കോളജിലും മകൾ ശീതളിന് പോണ്ടിച്ചേരി വിനായക മിഷൻ മെഡിക്കൽ കോളജിലും പ്രവേശനം ലഭിച്ചു.
അടുത്ത അലോട്ട്മെന്റിൽ ഒരേ കോളജിൽ പ്രവേശനം ലഭിക്കുമെന്ന കാത്തിരിപ്പിലാണ് അച്ഛനും മകളും. ബിപിസിഎല്ലിൽ നിന്ന് ലീവെടുത്താണ് മുരുഗയ്യൻ മെഡിക്കൽ പഠനത്തിനു ചേരുന്നത്.
മെഡിക്കൽ പഠനശേഷം വടക്കുകോട്ടൈയിലെ ഗ്രാമീണർക്കായി സേവനം ചെയ്യണമെന്ന് ആഗ്രഹത്തിലാണ് മുരുഗയ്യൻ.
മുരുഗയ്യൻ ജോലി കഴിഞ്ഞു വീട്ടിലെത്തുന്പോൾ മകളോട് ഉറക്കെ പാഠങ്ങൾ വായിക്കാൻ പറയുമായിരുന്നു. മകൾ വായിക്കുന്നത് കേട്ടാണ് അച്ഛൻ പ്രധാനമായും പഠിച്ചിരുന്നത്.
ശീതൾ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ തേവര സെന്ററിലായിരുന്നു എൻസിനായി പരിശീലനം നേടിയിരുന്നത്.
ഇതിനായി ധാരാളം പുസ്തകങ്ങളും വരുത്തിയിരുന്നതും പഠനത്തിന് സഹായകമായി. പാഠ്യഭാഗങ്ങൾ വായിക്കാനുള്ള സോഫ്റ്റ് വെയറുകൾ മൊബൈൽഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്നു.
ഒഴിവു സമയങ്ങളിൽ അതും കേൾക്കുമായിരുന്നു. എൻജിനീയറിംഗ് ബിരുദമുള്ളതിനാലും കെമിസ്ട്രിയിൽ മുന്പ് പഠിച്ചവ കൊച്ചിൻ റിഫൈനറിയിൽ ചെയ്യുന്നതിനാലും വിഷയം എളുപ്പത്തിൽ മനസിലാക്കാനായി. പരീക്ഷയുടെ അവസാന ദിവസങ്ങളിൽ പഴയ ചോദ്യപേപ്പറുകളും പരിശീലിച്ചു.
റിഫൈനറി അടിയന്തര സാഹചര്യങ്ങളിൽ ഏറ്റെടുക്കാനും പ്രവർത്തിപ്പിക്കാനും രൂപീകരിച്ച 801 എൻജിനീയറിംഗ് റെജിമെന്റ് ആർ ആൻഡ് പി (ടിഎ ആഗ്ര ഫോർട്ട്) അംഗമാണ് ലഫ്.കേണൽ മുരുഗയ്യൻ. 2000-ലാണ് ഇതിൽ ലഫ്നന്റ് ആയത്. പ്രമോഷൻ ലഭിച്ചതോടെ ലഫ്.കേണൽ ആയി.
റസ്ക്യു അൻഡ് റിലീഫ് ഓപ്പറേഷൻ ടീമിൽ അംഗമായിരുന്ന ലഫ്.കേണൽ മുരുഗയ്യൻ ഭുജ് ഭൂകന്പത്തിലും ഗോധ്ര കലാപത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മുന്നിലുണ്ടായിരുന്നു.
2012-ൽ ഡൽഹിയിൽ നടന്ന ആർമി ഡേ പരേഡിൽ പങ്കെടുത്ത് രാഷ്ട്രപതി പ്രണബ് മുഖർജിയെ അദ്ദേഹത്തിന്റെ വസതിയിൽ കാണാനും അവസരം ലഭിച്ചിരുന്നു.
തഞ്ചാവൂർ സ്വദേശിയായ മുരുഗയ്യൻ 31 വർഷമായി കേരളത്തിലുണ്ട്. 21 വർഷമായി തൃപ്പൂണിത്തുറ തെക്കുംഭാഗം മാലതി നിലയത്തിലാണ് താമസം.
മുരുഗയ്യന്റെയും മകളുടെയും പഠനത്തിന് പൂർണപിന്തുണയുമായി ഭാര്യ മാലതി കൂടെയുണ്ട്.വരിക്കോലി കെമിസ്റ്റ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ആൻഡ് റിസർച്ചിൽ അധ്യാപികയാണ് മാലതി.
സീമ മോഹൻലാൽ