കൊച്ചി: കലൂരില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റിലായ യുവാക്കള്‍ കൂടുതല്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിട്ടുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നു.
സംഭവത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇവരുടെ കെണിയില്‍ വീണിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
അപകട സമയത്തു സ്കൂള്‍ യൂണിഫോമില്‍ കാറിലുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികളില്‍ ഒരാള്‍ തനിക്കു മയക്കുമരുന്ന് നല്കി യുവാക്കള്‍ പീഡിപ്പിച്ചതായി പോലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് യുവാക്കളെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് എരൂര്‍ അരഞ്ഞാണില്‍ ജിത്തു (28), തൃപ്പൂണിത്തുറ ഫാക്ട്നഗര്‍ പെരുമ്പിള്ളില്‍ സോണി സെബാസ്റ്റ്യന്‍ (25) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളുടെ രണ്ടാഴ്ചത്തെ ഫോണ്‍വിളികളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
കാറില്‍നിന്ന് ഒരു കഞ്ചാവ് ബീഡിയും അര ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെത്തിയിരുന്നു.
ഇത് ഇവര്‍ക്കു നല്‍കിയതാരെന്നും സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ പത്തിന് വൈകുന്നേരം ആറരയ്ക്കു കലൂര്‍ പാവക്കുളം ക്ഷേത്രത്തിനു മുന്നിലായിരുന്നു അമിത വേഗത്തിലെത്തിയ കാര്‍ അപകടം ഉണ്ടാക്കിയത്.