പൊതുജനങ്ങളോടു നല്ല വാക്കു പറയണമെന്നും മര്യാദയോടെ പെരുമാറണമെന്നുമുള്ള ഉപദേശം പോലീസ് സേനയ്ക്കു മാത്രം ബാധകമാക്കിയാൽ മതിയോ?
ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലുംപെട്ടവർ ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തുന്നതു നല്ലതാണ്.
കേരള പോലീസ് അക്കാദമിയിൽ വ്യാഴാഴ്ച നടന്ന പാസിംഗ് ഔട്ട് പരേഡിനെ ഓൺലൈനായി അഭിസംബോധന ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് സേനയ്ക്കു നല്കിയ ചില ഉപദേശങ്ങൾ ശ്രദ്ധ നേടുകയുണ്ടായി.
കേട്ടാൽ അറപ്പുളവാക്കുന്ന വാക്കുകൾ ഉതിർക്കാനുള്ളതല്ല പോലീസിന്റെ നാവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന ഉപദേശം.
ജനങ്ങളെ അടിച്ചമർത്തുന്ന പോലീസിന്റെ രീതി മാറിയെങ്കിലും അപൂർവം ചിലരിൽ ഒറ്റപ്പെട്ട രീതിയിൽ ആ പഴയ തികട്ടൽ ഉണ്ടാകുന്നുണ്ടെന്നും ആധുനിക പരിശീലനം പോലീസിനു നല്കിയിട്ടും ഇത്തരത്തിലുണ്ടാകുന്ന ഒറ്റപ്പെട്ട പ്രവർത്തനങ്ങൾ സേനയ്ക്കു മൊത്തത്തിൽ കളങ്കമുണ്ടാക്കുന്നത് എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
മൃദുഭാവേ ദൃഢകൃത്യേ എന്നതാണു കേരള പോലീസിന്റെ ആപ്തവാക്യം. മുഖ്യമന്ത്രി നല്കിയ ഉപദേശത്തിന്റെ സാരാംശവും ഇതുതന്നെയാണ്. ഇതനുസരിച്ചു പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ് എല്ലാ പോലീസ് സേനാംഗങ്ങളും.
എന്നാൽ, പൊതുജനങ്ങളോടു നല്ല വാക്കു പറയണമെന്നും മര്യാദയോടെ പെരുമാറണമെന്നുമുള്ള ഉപദേശം പോലീസ് സേനയ്ക്കു മാത്രം ബാധകമാക്കിയാൽ മതിയോ?
ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലുംപെട്ടവർ ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തുന്നതു നല്ലതാണ്.
ദുഷിച്ച വാക്കുകൾകൊണ്ടും മോശം പ്രവൃത്തികൾകൊണ്ടും അങ്ങേയറ്റം മലീമസമാണ് ഇന്നു പൊതുരംഗം. കേട്ടാലറയ്ക്കുന്ന വാക്കുകൾ പല രാഷ്ട്രീയ നേതാക്കളുടെയും നാവിൽനിന്നു വരാറുണ്ട്.
അവർക്കൊക്കെ എന്തും പറയാനുള്ള ലൈസൻസ് ഉണ്ടെങ്കിൽ അവരെ കാണുന്ന ഉദ്യോഗസ്ഥരും പോലീസുമൊക്കെ മര്യാദയ്ക്കു സംസാരിക്കുമോ?
നിലവാരത്തകർച്ച സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉണ്ടായിട്ടുണ്ട്. മാതൃകയാക്കാൻ പറ്റുന്ന ആളുകളുടെ എണ്ണം തീർത്തും കുറഞ്ഞുവരുന്നു എന്നത് ഇന്നത്തെ സമൂഹം നേരിടുന്ന വലിയ ദുരന്തമാണ്.
സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത സ്വഭാവദാർഢ്യമുള്ള നേതാക്കളാണു സ്വാതന്ത്ര്യാനന്തര ഭാരതത്തെ നിയന്ത്രിച്ചിരുന്നത്.
ആ തലമുറ അന്യംനിന്നുപോയത് ഇന്നു പൊതുരംഗത്തു വലിയ ആദർശദാരിദ്ര്യവും സാംസ്കാരികശൂന്യതയും സൃഷ്ടിക്കുന്നുണ്ട്.
അധികാരത്തിനായി എന്തും ചെയ്യുകയും എന്തും വിളിച്ചുപറയുകയും ചെയ്യുന്നവരാണ് ഇന്നുള്ള രാഷ്ട്രീയ നേതാക്കളിൽ ഭൂരിപക്ഷവും.
അഴിമതി അലങ്കാരമായി കൊണ്ടുനടക്കുന്നവർ. അധികാരം നഷ്ടമായാൽ സമനില തെറ്റിയതുപോലെയാണു പലരുടെയും പെരുമാറ്റം.
സ്വജനപക്ഷപാതം നടത്തിയതിനു ലോകായുക്ത കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടർന്നു രാജിവയ്ക്കേണ്ടിവന്ന മുൻമന്ത്രി കെ.ടി. ജലീൽ എത്ര സഭ്യേതരമായ ഭാഷയിലാണു ലോകായുക്തയെ വിമർശിച്ചു രോഷം തീർക്കുന്നതെന്ന് ഈ ദിവസങ്ങളിൽ കേരളസമൂഹം കണ്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കേസരയിലിരുന്നു മാർക്ക് ദാനം നടത്തിയ ആളാണ്.
അർധ ജുഡീഷൽ സ്ഥാപനമായ ലോകായുക്തയ്ക്കെതിരേ ഇത്ര നിന്ദ്യമായ വിമർശനം ഒരു മുൻമന്ത്രി നടത്തിയിട്ടും മുഖ്യമന്ത്രിയും ഇടതുമുന്നണി നേതൃത്വവും മിണ്ടാതിരിക്കുന്നതാണ് അദ്ഭുതം.
മാന്യമായി സംസാരിക്കാൻ പോലീസുകാരെ ഉപദേശിച്ച മുഖ്യമന്ത്രിക്കു ജലീലിനെ പോലുള്ളവരോടു നാവടക്കാൻ പറയാനും ഉത്തരവാദിത്വമുണ്ട്.
ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞദിവസം അവിടത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിനെതിരേ നടത്തിയ ആക്ഷേപവും വലിയ വിവാദമായതാണ്.
തെരഞ്ഞെടുപ്പിൽ വോട്ടർമാർക്കു പിഴവുപറ്റിയാൽ ഉത്തർപ്രദേശ്, കേരളമോ ബംഗാളോ ആയി മാറുമെന്നാണു യോഗി പറഞ്ഞത്.
കേരളത്തിൽ തീവ്രവാദപ്രവർത്തനങ്ങൾ പെരുകുന്നുവെന്നു യോഗിക്ക് അഭിപ്രായമുണ്ടെങ്കിൽ അദ്ദേഹത്തിനതു പറയാൻ അവകാശമുണ്ട്.
എന്നാലതു കേരളത്തെ ആക്ഷേപിക്കുന്ന വിധത്തിലാകരുത്. സാമൂഹിക വികസനസൂചികകളിലും ജീവിതനിലവാരത്തിലും ഉത്തർപ്രദേശിനെക്കാൾ എത്രയോ ഉയർന്നുനിൽക്കുന്ന സംസ്ഥാനമാണു കേരളം.
യോഗിക്കു മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി.
സംസാരത്തിലുപയോഗിക്കുന്ന വാക്കുകളും ശൈലികളും അതു പ്രയോഗിക്കുന്ന ആളുകളുടെ സാംസ്കാരിക നിലവാരത്തെ പ്രതിഫലിപ്പിക്കും.
കേരളവും സാംസ്കാരികമായി താഴേക്കു പോകുന്നുവെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പല വാദപ്രതിവാദങ്ങളും കണ്ടാൽ തോന്നുക. നാടിന്റെ സംസ്കൃതിക്ക് അപചയമുണ്ടാക്കാൻ ആരും ശ്രമിക്കരുത്.