പേരൂർക്കട: അമ്പലമുക്കിൽ അലങ്കാരച്ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനുമായി പേരൂർക്കട പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
ഇയാൾ വിനീതയെ കുത്തിക്കൊന്ന അമ്പലമുക്കിലെ അഗ്രി ക്ലിനിക്ക് എന്ന ചെടിക്കടയിലാണ് തെളിവെടുപ്പ് നടത്തുന്നത്.
ചെടിക്കടയിൽ ചെടിച്ചട്ടികൾ സൂക്ഷിക്കുന്ന ഷെഡിന്റെ ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്വർണാഭരണം കൈക്കലാക്കാൻ വേണ്ടിയായിരുന്നു പ്രതിയുടെ അരുംകൊല.
പ്രതി അഗ്രി ക്ലിനിക്കിൽ എത്തിയ സാഹചര്യം, കൊലനടത്തിയ രീതി തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയുകയും ഇയാൾ ഉപേക്ഷിച്ചു എന്ന് പറയുന്ന കത്തി കണ്ടെത്താൻ ശ്രമിക്കുകയുമാണ് പ്രധാനമായും പോലീസ് ലക്ഷ്യം.
പ്രതി കൊലപാതക സമയത്തു ധരിച്ചിരുന്ന വസ്ത്രങ്ങൾ മുട്ടട ആലപ്പുറം കുളത്തിൽ ഉപേക്ഷിച്ചതായി പറയുന്നുണ്ട്.
ഇതും കണ്ടത്തേണ്ടതുണ്ട്. അതിനിടെ, പ്രതിയെ അമ്പലമുക്കിൽ കൊണ്ടുവരുമെന്ന് അറിഞ്ഞ ജനങ്ങൾ ആകാംക്ഷയിലാണ്.
പലരും രാവിലെ മുതൽ കൃത്യം നടന്ന കടയ്ക്കു സമീപം തടിച്ചുകൂടിയിട്ടുണ്ട്.