ഗുരുവായൂർ: കോവിഡ് നിയന്ത്രണങ്ങളോടെ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന ആനയോട്ടത്തോടെ ഗുരുവായൂർ ക്ഷേത്രോത്സവത്തിനു തുടക്കമാകും.
ആനയില്ലാ കാലത്തെ അനുസ്മരിച്ച് വർഷത്തിൽ ഒരു ദിവസം മാത്രം നടക്കുന്ന ആനയില്ലാ ശീവേലി ഇന്നുരാവിലെ നടക്കും.
ശാന്തിയേറ്റ കീഴ്ശാന്തി നന്പൂതിരി ഗുരുവായൂരപ്പന്റെ തിടന്പ് നെഞ്ചോട് ചേർത്തു വച്ച് നടന്നുകൊണ്ട് പ്രദക്ഷിണം ചെയ്താണ് ശീവേലി പൂർത്തിയാകുന്നത്. സന്ധ്യക്ക് ദീപാരാധനക്കുശേഷം ആചാര്യവരണത്തോടെ കൊടിയേറ്റ ചടങ്ങുകൾ ആരംഭിക്കും.
തുടർന്ന് പൂജകൾക്കു ശേഷം രാത്രി 8.30 ഓടെ കൊടിയേറ്റംനടക്കും.ആനയോട്ടത്തിനു മൂന്ന് ആനകളെ പങ്കെടുപ്പിക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. ഓടുന്നതിനുള്ള മൂന്ന് ആനകളെ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു.
ആനയോട്ടത്തിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.മഞ്ജുളാൽ മുതൽ ക്ഷേത്രനടപ്പന്തൽ വരെ ആളുകളെ നിയന്ത്രിക്കും.
ഇന്നർ റിംഗ് റോഡിലും, മഞ്ജുളാൽ മുതൽ ക്ഷേത്രനട വരേയും ഉച്ചയ്ക്ക് 12 മുതൽ ഗതാഗതം നിരോധിക്കും. കലാപരിപാടികളും ദേശപ്പകർച്ചയും പ്രസാാദ ഉൗട്ടുമില്ലാതെയാണ് ഇക്കുറി ഉത്സവം നടക്കുന്നത്.
ഇന്നലെ ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ ഗുരുവായൂരപ്പന് ബ്രഹ്മ കലശാഭിഷേകവും ആയിരം കലശാഭിഷേകവും നടന്നു.
വിശേഷവാദ്യങ്ങൾ, മുത്തുക്കുട, ആലവട്ടം, വെണ്ചാമരം, എന്നിവയുടെ അകന്പടിയിൽ മേൽശാന്തി തെക്കേപാട്ട് ജയപ്രകാശ് നന്പൂതിരി പട്ടിൽ പൊതിഞ്ഞ് മാലചാർത്തിയ ബ്രഹ്മകലശവും ക്ഷേത്രം ഓതിക്കൻ മുന്നൂലം ഭവൻ നന്പൂതിരി കുംബേശ കലശവും ശ്രീലകത്തേക്കെഴുന്നള്ളിച്ചു.
തുടർന്ന് തന്ത്രി ആദ്യം കുംബേശകലശവും പിന്നീട് ബ്രഹ്മ കലശവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു.