തലയോലപ്പറന്പ്: സ്കൂൾ വിദ്യാർഥികളെ ദേശീയ താരങ്ങളാക്കി മാറ്റിയ കായിക അധ്യാപകൻ നാട്ടിൻപുറത്തെ കായികതാരങ്ങളെ വാർത്തെടുക്കാൻ ജന്മനാട്ടിൽ ഇൻഡോർ സ്റ്റേഡിയം ഒരുക്കുന്നു.
സർക്കാർ സ്കൂളുകളിൽ കായിക അധ്യാപകനായി 34 വർഷത്തെ സേവനത്തിനുശേഷം ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നു വിരമിച്ച വൈക്കം ചെന്പ് ഏനാദി തേരാറ്റുപുഴ ടി.സി. ഗോപിയാണ് വീടിനോടു ചേർന്നുള്ള സ്ഥലത്ത് ഇൻഡോർ സ്റ്റേഡിയം ഒരുക്കുന്നത്.
സർവീസിൽനിന്നു വിരമിച്ചപ്പോൾ ലഭിച്ച തുകയും വായ്പ വാങ്ങിയതുമൊക്കെ ചേർത്ത് ഇതിനോടകം 40 ലക്ഷം രൂപ സ്റ്റേഡിയത്തിനായി വിനിയോഗിച്ചുകഴിഞ്ഞു.
ഇൻഡോർ സ്റ്റേഡിയത്തിന്റ അവസാന മിനുക്കുപണികളാണ് ഇപ്പോൾ ദ്രുതഗതിയിൽ നടക്കുന്നത്. ഈ മാസംതന്നെ സ്റ്റേഡിയം നാടിനു സമർപ്പിക്കുമെന്ന് ടി.സി. ഗോപി പറയുന്നു.
ഗതാഗത സൗകര്യമില്ലാത്ത ഏനാദിയിൽ മുന്പ് തോടുകൾക്കു കുറുകെയുള്ള തടിപ്പാലങ്ങളിലൂടെയായിരുന്നു പ്രദേശവാസികളുടെ യാത്ര.
സ്കൂൾ പഠനകാലത്ത് 16 പാലങ്ങൾ കടന്നാണു ചെന്പിലെത്തിയിരുന്നത്. കളിക്കാനും പരിശീലനത്തിനു പോകാനുമൊക്കെ അന്ന് ഒരുപാട് ക്ലേശിച്ചു.
എന്റെ നാട്ടിലെ കുട്ടികൾക്ക് വോളിബോളിലും അത്ലറ്റിക്സിലും ബാഡ്മിന്റണിലുമൊക്കെ കുറ്റമറ്റ പരിശീലനം നടത്താൻ കഴിയുന്ന ഒരു കേന്ദ്രമൊരുക്കണമെന്ന ഏറെക്കാലത്തെ മോഹമാണ് ഇപ്പോൾ സഫലമാകുന്നതെന്നു ഗോപി പറയുന്നു.
നിർധന കുടുംബത്തിൽ ജനിച്ച ഗോപിയുടെ ജീവിതം മാറ്റിമറിച്ചത് വോളിബോൾ കളിയാണ്.
നാട്ടിലെ വിക്ടർ ഏനാദി ക്ലബിനായി വോളിബോൾ കളിച്ചാണ് ഗോപി പ്രതിഭ തെളിയിച്ചത്.
വൈക്കത്തും സമീപസ്ഥലങ്ങളിലും വോളിബോൾ ടൂർണമെന്റുകളിൽ മിന്നൽപ്പിണറായി മാറിയ ഗോപി പിന്നീട് വോളിബോളിൽ സ്റ്റേറ്റ് പ്ലെയറായി.
തുടർന്ന് സർക്കാർ സ്കൂളിൽ കായികാധ്യാപകനായതോടെ ഇദ്ദേഹത്തിന്റ ശിക്ഷണത്തിൽ നൂറുകണക്കിനു കുട്ടികളാണ് കായിക രംഗത്ത് ഉദിച്ചുയർന്നത്.
അമൃത, സുഷമ തുടങ്ങി ദേശീയ ശ്രദ്ധയാകർഷിച്ച വോളിബോൾ താരങ്ങൾ ഉൾപ്പെടെ നിരവധി ദേശീയ, സംസ്ഥാന താരങ്ങൾ ടി.സി. ഗോപിയുടെ ശിക്ഷണത്തിൽ നേട്ടം കൊയ്തു.
കായികാധ്യാപകനായി ജോലി ചെയ്ത എല്ലാ സ്കൂളുകളിലും കായികമികവ് വർധിപ്പിച്ചു.
അവസാന 10 വർഷം സേവനം അനുഷ്ഠിച്ച ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ വനിതാ വോളി ബോളിൽ അനിഷേധ്യ ശക്തിയാക്കി മാറ്റി.
ചാന്പ്യൻഷിപ്പുകൾ തുടർക്കഥയാക്കിയതിനൊപ്പം നിരവധി ശിഷ്യർ കായിക മേഖലയുടെ പിൻബലത്തിൽ കായിക രംഗത്തും സൈന്യത്തിലും ജോലി നേടി ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്തു. വോളിബോൾ സംസ്ഥാന അസോസിയേഷൻ പാനൽ റഫറികൂടിയാണ് ഗോപിയിപ്പോൾ.
വൈക്കം താലൂക്ക് ഗവണ്മെന്റ് ആശുപത്രി ഹെഡ് നഴ്സായ ഭാര്യ ശശിരേഖ, ബിഫാം ബിരുദധാരിയായ മകൾ ഗോപിക, സഹോദരങ്ങൾ, സുഹൃത്തുക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ഗോപിയുടെ സ്വപ്ന സാക്ഷാത്കാരത്തിനു പിന്തുണയുമായി ഒപ്പമുണ്ട്.