കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഗുരുതര സുരക്ഷാവീഴ്ച.
ഇന്ന് രാവിലെ ഇവിടെ നിന്നും കടന്നുകളഞ്ഞ സ്ത്രീ കഴിഞ്ഞിരുന്നത് കഴിഞ്ഞ ദിവസം കൊല നടന്ന സെല്ലിൽ നിന്നുമാണ്.
സെല്ലിന്റെ ചുമര് തുറന്നാണ് ഇവർ പുറത്ത് കടന്നത്.
ഈ സ്ത്രീയെ കൂടാതെ മറ്റൊരു പുരുഷനും ഇവിടെ നിന്നും രക്ഷപെട്ടിട്ടുണ്ട്.
കുളിക്കാൻ കൊണ്ടുപോകുന്നതിനിടെ ഇയാൾ ഓടി രക്ഷപെടുകയായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ഇവരെ കണ്ടെത്താൻ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പോലീസ് തെരച്ചിൽ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സന്ദർശനം നടത്തിയിരുന്നു.
സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരുടെ കുറവിനെക്കുറിച്ച് സന്ദർശനത്തിനിടെ കമ്മീഷൻ പരാമർശം നടത്തിയിരുന്നു.