വാസ്കോ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയിൽ തിരിച്ചെത്തി. ലീഗിലെ 15-ാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 1-0ന് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. 49-ാം മിനിറ്റിൽ പ്രതിരോധ താരം ഏണെസ് സിപോവിച്ച് നേടിയ ഹെഡർ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്.
വാലന്റൈൻസ് ദിനത്തിലെ തന്റെ ഗോൾ ഭാര്യക്ക് സമർപ്പിച്ച സിപോവിച്ച്, തെലുങ്ക് ചിത്രമായ പുഷ്പയിലെ സൂപ്പർ ഹിറ്റ് ഡാൻസ് സ്റ്റെപ്പും ‘തഗ്ഗ ദില്ലെ’ (ആർക്കു മുന്നിൽ തലകുനിക്കില്ല) ആക്ഷനും നടത്തി. പ്യൂട്ടിയ എടുത്ത കോർണർ കിക്കിൽനിന്നായിരുന്നു സിപോവിച്ചിന്റെ ഹെഡർ ഗോൾ എത്തിയത്.
സസ്പെൻഷനിലായ ഹർമൻജോത് ഖബ്ര, മാർക്കോ ലെസ്കോവിച്ച്, പരിക്കേറ്റ നിഷു കുമാർ, ഹോർമിപാം എന്നീ പ്രതിരോധക്കാരില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലെത്തിയത്. സന്ദീപ് സിംഗ്, ബിജോയ് വർഗീസ്, സിപോവിച്ച്, സഞ്ജീവ് സ്റ്റാലിൻ എന്നിവരുടെ പുതിയ സഖ്യമായിരുന്നു പ്രതിരോധനിരയിൽ അണിനിരന്നത്.
സീസണിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ് പുറത്തായ മലയാളി വിംഗർ കെ.പി. രാഹുലിനെ സബ്സ്റ്റിറ്റ്യൂട്ട് സംഘത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവൻ വുകോമനോവിച്ച് ഉൾപ്പെടുത്തി.
കൊന്പന്മാർക്ക് രണ്ട് റിക്കാർഡ്
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ചരിത്രത്തിൽ തങ്ങളുടെ പേരിലുള്ള രണ്ട് റിക്കാർഡ് ഈ ജയത്തോടെ തിരുത്തി. ഒരു സീസണിൽ ഏറ്റവും കൂടുതൽ ജയം, ഏറ്റവും കൂടുതൽ പോയിന്റ് എന്നീ ക്ലബ് റിക്കാർഡാണ് ഇവാൻ വുകോമനോവിച്ചിന്റെ സംഘം തിരുത്തിയത്.
2017-18 സീസണിൽ 25 പോയിന്റ് നേടിയതായിരുന്നു ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ഉയർന്ന നേട്ടം. 2016, 2017-18 സീസണുകളിൽ ആറ് ജയം നേടിയതായിരുന്നു ഇതുവരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ വിജയ റിക്കാർഡ്. ഈ രണ്ട് റിക്കാർഡും ഇന്നലെ തിരുത്തപ്പെട്ടു.