വി.എസ്. ഉമേഷ്
കൊച്ചി: കേരളത്തിനായി രഞ്ജിട്രോഫി നേടുകയാണ് മുന്നിലുള്ള പ്രധാന ലക്ഷ്യമെന്നു മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഐപിഎല്‍ ടീമുകളില്‍ പങ്കാളിയാകാത്തതിനെച്ചൊല്ലി ദുഃഖമില്ല. അതിനെക്കുറിച്ച് ആശങ്കപ്പെടുന്നുമില്ല.
ഇപ്പോഴത്തെ ലക്ഷ്യം രഞ്ജിട്രോഫിയിലെ മികച്ച പ്രകടനമാണ്. മെച്ചപ്പെട്ട കാര്യങ്ങള്‍ സംഭവിക്കാനായിരിക്കാം ഐപിഎല്ലില്‍നിന്ന് ഒഴിവാക്കപ്പെട്ടതെന്ന് പ്രത്യാശ പ്രകടിപ്പിച്ച ശ്രീശാന്ത്, ഐപിഎല്‍ താരലേലത്തില്‍ ആദ്യ അഞ്ഞൂറു കളിക്കാരില്‍ തന്നെ ഉള്‍പ്പെടുത്തിയതിന് ഭാരവാഹികള്‍ക്കുള്ള നന്ദിയും അറിയിച്ചു.
50 ലക്ഷം രൂപ അടിസ്ഥാനവില നിശ്ചയിച്ചാണ് ശ്രീശാന്തിനെ ഇത്തവണ ഐപിഎല്‍ ലേലപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. രണ്ടു ലോകകപ്പ് ജയങ്ങളില്‍ പങ്കാളിയായ ശ്രീശാന്ത്, നേരത്തെ ഐപിഎലിൽ കിംഗ്സ് ഇലവന് പഞ്ചാബ്, കൊച്ചി ടസ്കേഴ്സ്, രാജസ്ഥാന് റോയല്‍സ് എന്നീ ടീമുകള്‍ക്കായി 44 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 17ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനായി രാജസ്ഥാനിലാണ് ശ്രീശാന്ത് ഇപ്പോഴുള്ളത്.
ഒമ്പതുവര്‍ഷത്തിനുശേഷം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലിറങ്ങുന്നതിന്റെ സന്തോഷം ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാം ലൈവിലൂടെയും ശ്രീശാന്ത് പങ്കുവച്ചു. ഇറാനി ട്രോഫിയിലാണ് അവസാനമായി റെഡ്ബോളില്‍ കളിച്ചത്.
കെസിഎയ്ക്കും ബിസിസിഐയ്ക്കും തനിക്കായി പ്രാര്‍ഥിച്ച ഏവര്‍ക്കും നന്ദി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി തുടങ്ങിയ ഭാഷകളിലെല്ലാം താരം ലൈവിനിടെ നന്ദിയറിയിച്ചു. ദൈവത്തിന്റെ കൃപയും കഠിനാധ്വാനവും സ്ഥിരോത്സാഹവും… കഴിവില്‍ വിശ്വാസമര്‍പ്പിച്ചതിനു നന്ദി… ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.