നെടുമങ്ങാട് : മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ട വിനീതയുടെ മക്കളെയും മാതാപിതാക്കളേയും സിപിഎം,ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ സംഘടനകൾ ദത്തെടുത്തു സംരക്ഷിക്കും.
സഞ്ചയന ദിവസമായ ഇന്നലെ വിനീതയുടെ നെടുമങ്ങാട് കരിപ്പൂര് വാണ്ട ചാരുവള്ളിക്കോണത്തെ വീട്ടിൽ സിപിഎം ഏരിയാ സെക്രട്ടറി അഡ്വ.ആർ ജയദേവൻ എത്തി ദത്തെടുക്കുന്ന കാര്യം അറിയിച്ചു.
ബന്ധുക്കൾ ദാനമായി നൽകിയ അഞ്ചു സെന്റ് പുരയിടത്തിൽ ഷീറ്റിട്ട വീട്ടിലാണ് വിനീതയുടെ മാതാപിതാക്കളായ വിജയനും,രാഗിണിക്കും ഒപ്പമാണ് സ്കൂൾ വിദ്യാർഥികളായ മക്കൾ കഴിയുന്നത്.
കുടുംബത്തിന് സിപിഎം ഏരിയാ കമ്മിറ്റി വീടു നിർമിച്ചു നൽകുമെന്ന് ഏരിയ സെക്രട്ടറി ആർ. ജയദേവൻ പറഞ്ഞു.മക്കളുടെ പഠനോപകരണങ്ങൾ,ട്യൂഷൻ,ഡ്രസ്,യാത്രാ ചെലവ് എന്നിവ ഉൾപ്പടെ എല്ലാം ഡിവൈഎഫ്ഐ ഏറ്റെടുത്തു.
ആദ്യ സഹായമെന്നോണം പഠനോപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.സിപിഎം ജില്ലാ കമ്മിറ്റി അംഗം ഷിജൂഖാൻ,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. പി. പ്രമോഷ്,നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.