തൃശൂർ: ശക്തൻ മത്സ്യമാർക്കറ്റ് ഹൈടെക് ആക്കുന്നതിന് ഒരു കോടി അനുവദിച്ചതിനു പിന്നാലെ തൃശൂർ നഗരത്തിന്റെ വികസനത്തിനു സഹായം തേടി നടനും രാജ്യസഭാ എംപിയുമായ സുരേഷ്ഗോപി കേന്ദ്ര ധനമന്ത്രിയെ കണ്ടതിനെ അഭിനന്ദിച്ചുള്ള മേയർ എം.കെ.വർഗീസിന്റെ പ്രതികരണം ചർച്ചയാകുന്നു.
തൃശൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടശേഷവും തൃശൂരിന്റെ വികസനത്തിനായി മനസുകാണിക്കുന്ന സുരേഷ് ഗോപിക്കും ബിജെപിക്കും ലക്ഷ്യങ്ങൾ ഉണ്ടെങ്കിലും, കോണ്ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ടി.എൻ. പ്രതാപനോടുള്ള നീരസംകൂടി പരസ്യമാക്കാനാണ് മേയറുടെയും സിപിഎമ്മിന്റെയും ശ്രമം.
ടി.എൻ. പ്രതാപൻ വിജയിച്ചിട്ടും തൃശൂർ നഗരത്തിന്റെ വികസനത്തിനുവേണ്ടി വേണ്ട രീതിയിൽ സഹകരിക്കുന്നില്ലെന്നു മേയർ പരസ്യമായിത്തന്നെ പറഞ്ഞിരുന്നു. സിപിഎം നേതൃത്വത്തിനും ഈ അഭിപ്രായത്തോടു യോജിപ്പാണ്.
എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടിട്ടും തൃശൂർ നഗരത്തിൽ ശക്തൻ മത്സ്യമാർക്കറ്റിനായി ഒരു കോടി രൂപ രാജ്യസഭാ എംപിയെന്ന നിലയിൽ അനുവദിച്ചതോടെയാണ് വികസനത്തിന് എല്ലാ പിന്തുണയുമുണ്ടെന്നു പറഞ്ഞു മേയർ സുരേഷ് ഗോപിയെ സ്വീകരിച്ചത്.
കോർപറേഷനിലെത്തി സുരേഷ് ഗോപി ചർച്ച നടത്തുകയും ചെയ്തു. ഇപ്പോൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ട് തൃശൂരിന്റെ വികസനത്തിനുവേണ്ടി സഹായം നൽകണമെന്നാവശ്യപ്പെട്ടതാണ് വീണ്ടും ചർച്ചയായിരിക്കുന്നത്.
അടുത്ത തവണ കൂടിക്കാഴ്ചയ്ക്കു തൃശൂർ മേയറും ഒപ്പമുണ്ടാകുമെന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. മത്സരിച്ചു പരാജയപ്പെട്ട സുരേഷ് ഗോപി തൃശൂരിന്റെ വികസനത്തിനുവേണ്ടി കഴിയുന്നതെല്ലാം ചെയ്യുകയും അതിനു സിപിഎം പിന്തുണ നൽകുകയും ചെയ്യുന്നതോടെ കോണ്ഗ്രസ് നേതൃത്വവും വെട്ടിലായിരിക്കയാണ്.