കോട്ടയം: പകൽച്ചൂടിൽ നിന്നും ഉപ്പിലിട്ട സംഭാരം കുടിച്ചും ഉപ്പിലിട്ടതു കഴിച്ചും മനസും ശരീരവും തണുപ്പിക്കാം. കോട്ടയം-കുമരകം റൂട്ടിൽ ആലുമ്മൂട് ജംഗ്ഷനിലാണ് സൂപ്പർഹിറ്റായിരിക്കുന്ന സംഭാരക്കട.
ദിവസവും നിരവധി ആളുകളാണ് ഇവിടെനിന്നും വ്യത്യസ്തമായ രുചികളുള്ള സംഭാരം കുടിച്ചുമടങ്ങുന്നത്.മണ്കുടത്തിൽ നൽകുന്ന ഉപ്പിലിട്ട സംഭാരവും 34ൽപ്പരം അച്ചാറുകളുമാണ് ഇവിടത്തെ മാസ്റ്റർപീസ്.
കടയിലേക്ക് കയറുന്പോൾത്തന്നെ എരിവും പുളിയും ഉപ്പും മധുരവുമെല്ലാം ഗ്ലാസ് ഭരണികളിലിരിക്കുന്നത് കാണാം. ഉപ്പിലിട്ട മാങ്ങ, പൈനാപ്പിൾ, ജാതിക്ക, പപ്പായ, കാരറ്റ്, വാഴപ്പിണ്ടി, മത്തങ്ങ, നെല്ലിക്ക തുടങ്ങി പ്രതീക്ഷിക്കാത്ത പുതുരുചികളാണ് ഏവരെയും കാത്തിരിക്കുന്നത്.
കോട്ടയം അറുപുഴ സ്വദേശികളായ പുത്തൻ മാടപ്പാട്ട് ബിനി, ഭാര്യ സോമജ എന്നിവർ ചേർന്നാണ് ഏതാണ്ട് ഒന്നര വർഷമായി വഴിയോരത്ത് സംഭാര കച്ചവടം നടത്തുന്നത്.
കോവിഡ് കാലത്തിനു മുന്പുവരെ സ്വന്തമായി ബോർമ നടത്തിയിരുന്ന ബിനി ബിസിനസ് നഷ്ടത്തിലായതോടെ ഇതുപേക്ഷിച്ചു കയർ മാറ്റിന്റെ കട തുടങ്ങുകയായിരുന്നു.
ഇതും നഷ്ടത്തിലായതോടെ കടയിലേക്കിറക്കിയ സാധനങ്ങൾക്ക് പോലും പണം കൊടുക്കാനാവാതെ ഏറെ ബുദ്ധിമുട്ടി.തുടർന്നാണു മറ്റെന്തെങ്കിലും തുടങ്ങണമെന്ന ചിന്തയുണ്ടായത്. ഇതോടെ സ്വന്തം കഴിവ് ഒന്നു പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചത്.
അങ്ങനെ കയർമാറ്റ് കടയുടെ മുന്നിലായി ചെറിയ രീതിയിൽ സംഭാര കച്ചവടവും സപെഷൽ നാരങ്ങ വെള്ളവും നല്കുന്ന കടയും ആരംഭിച്ചു.
ഉപ്പിലിട്ട സംഭാരം ക്ലിക്കായതോടെ വീട്ടിലുണ്ടാക്കിയ അച്ചാറുകളും കടയിൽ എത്തിച്ചു വിൽപ്പന തുടങ്ങുകയായിരുന്നു. സംഭാരം കുടിച്ചവരും അച്ചാറുകൾ വാങ്ങിയവരുമെല്ലാം വീണ്ടുമെത്തി.
മോരും അച്ചാറും ഉപ്പിലിട്ട വെള്ളവും ഇഞ്ചിയും പച്ചമുളകും അരച്ചതുമൊക്കെ ചേർത്ത് സ്വന്തം റെസിപ്പിയിലാണ് സംഭാരം തയാറാക്കുന്നത്.
മുളക്, മാങ്ങ, ഉണക്കിയ മാങ്ങ, മീൻ, വെളുത്തുള്ളി, പപ്പായ, ബീറ്റ്റൂട്ട്, കോവക്ക, കാരറ്റ്, മത്തങ്ങ, പാവക്ക, വാഴപ്പിണ്ടി തുടങ്ങിയവയുടെ അച്ചാറുകൾ ലഭ്യമാണ്.
സോമജയും ബിനിയും ചേർന്നാണ് എല്ലാം തയാറാക്കുന്നത്. ഉണ്ടാക്കുന്നതെല്ലാം മൂന്നു ദിവസത്തിനകം വിറ്റുതീരും.വാഴപ്പിണ്ടി അച്ചാറിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.
വിദേശത്തേക്ക് പോകുന്നവരുൾപ്പെടെ അച്ചാർ ആവശ്യപ്പെട്ട് എത്തുന്നുണ്ട്. 20 രൂപയാണ് സംഭാരത്തിന്റെ വില. കാൽകിലോയ്ക്കു 100 രൂപയാണ് അച്ചാറിന്റെ വില. ബിനിക്കും സോമജയ്ക്കും സഹായത്തിന് മക്കളും വിദ്യാർഥികളുമായ കൃഷ്ണജ, കൃഷ്ണജിത്ത് എന്നിവരുമുണ്ട്.