തിരുവനന്തപുരം : ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല നാളെ. കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രമുറ്റത്ത് ഒറ്റ അടുപ്പിൽ മാത്രമാണ് പൊങ്കാലയിടുന്നത്.നാളെ രാവിലെ 10.50 ന് അടുപ്പുവെട്ട് നടക്കും. ഉച്ചയ്ക്ക് 1.20 ന് പൊങ്കാല നിവേദിക്കും. കഴിഞ്ഞ വർഷത്തേതുപോലെ ഈവർഷവവും ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രം പൊങ്കാലയിടും.
ശ്രീകോവിലിൽ നിന്നു തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നന്പൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ചശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കു കൈമാറും.
വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാര അടുപ്പിലും സഹ മേൽശാന്തി അഗ്നി പകരുന്നതോടെ പൊങ്കാല തുടങ്ങും.ഉച്ചയ്ക്ക് 1.20 ന് ക്ഷേത്ര പൂജാരി പൊങ്കാല നിവേദിക്കും. ക്ഷേത്രത്തിനു പുറത്തിടുന്ന പൊങ്കാല നിവേദിക്കാനായി പൂജാരിമാരെ നിയോഗിച്ചിട്ടില്ലെന്നു ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്ന ബാലനെ രാത്രി 7.30 ന് ചൂരൽകുത്തും. രാത്രി 10.30 ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. തിരിച്ചെഴുന്നളളത്തിനു ശേഷം 18 ന് രാവിലെ എട്ടിന് ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.45 ന് കാപ്പഴിക്കും. 19 ന് പുലർച്ചെ ഒന്നിന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
കോവിഡ് നെഗറ്റീവ്സർട്ടിഫിക്കറ്റ് നിർബന്ധമില്ല
ആറ്റുകാൽ ഭഗവതിക്ഷേത്ര ദർശനത്തിനെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് പത്രസമ്മേളനത്തിനിടെ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്രത്തിലെത്തുന്നവരുടെ ഉൗഷ്മാവ് പരിശോധനക്കായി സംവിധാനം ഒരുക്കിയിട്ടുണ്ട്. സംശയം തോന്നുന്നവരെ പരിശോധനക്കു വിധേയമാക്കും. മന്ത്രി, സബ് കളക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർ ദിവസവും ക്ഷേത്രം സന്ദർശിച്ച് നടപടികൾ വിലയിരുത്തുന്നുണ്ട്. എഴുന്നള്ളത്തിന് പുഷ്പവൃഷ്ടി, സാരി, ഹാരം എന്നിവയുടെ സമർപ്പണം ഉണ്ടാകില്ല.
തട്ടപൂജ മാത്രം ഉണ്ടാകും.1500 പേർക്ക് ക്ഷേത്രാങ്കണത്തിൽ പൊങ്കാലയിടാൻ സർക്കാർ അനുമതി നൽകിയിരുന്നു. ലക്ഷക്കണക്കിനു പേർ പങ്കെടുക്കുന്ന പൊങ്കാലയ്ക്കു പകരം 1500 പേരെ തെരഞ്ഞെടുക്കുന്നത് മറ്റുള്ളവരോട് ചെയ്യുന്ന നീതികേടാകുമെന്നതിനാലാണ് ഉപേക്ഷിച്ചതെന്നും അവർ വ്യക്തമാക്കി.