കോട്ടയം: സിനിമ-സീരിയൽ നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1999 ൽ ഐ.വി. ശശി സംവിധാനം ചെയ്ത “ഇ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ് അഭിനയ രംഗത്തെത്തുന്നത്.
വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്, തോപ്പില്‍ ജോപ്പന്, കുഞ്ഞിരാമായണം തുടങ്ങി 70-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ് പ്രദീപ്. കാരാപ്പുഴ സര്‍ക്കാര്‍ സ്കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി.
1989 മുതൽ എൽഐസി ഉദ്യോഗസ്ഥനായി. പത്താം വയസിൽ എൻ.എൻ. പിള്ളയുടെ “ഈശ്വരൻ അറസ്റ്റിൽ” എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് 40 വർഷമായി നാടകരംഗത്തും സജീവമാണ്.
അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ ആയ ഒരു റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്.
നിര്‍മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നൽകിയത്.