രാമവർമപുരം: കേരള പോലീസ് അക്കാദമിയിലെ ജൈവകൃഷിത്തോട്ടത്തിലെ ജലാശയത്തിലെ മത്സ്യകൃഷിക്കു നൂറുമേനി വിളവ്.
വിളവെടുപ്പ് ആവേശമാക്കി പോലീസ് ഉദ്യോഗസ്ഥരും പരിശീലനാർഥികളും ചേർന്നു കിലോക്കണക്കിനു പെടയ്ക്കണ മീനാണു പിടികൂടിയത്. ഒന്നു മുതൽ മൂന്നു കിലോ വരെ ഭാരമുള്ള മീനുകളാണ് പിടിച്ചത്.
വിളവെടുപ്പ് ഐജി പി. സേതു രാമൻ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പിന്റെ വിശാല കാർപ്പ് മത്സ്യകൃഷിയുടെ ഭാഗമായാണു പോലീസ് അക്കാദമി കുളത്തിൽ കൃഷിയിറക്കിയത്.
ജൂലൈയിലാണ് ആയിരം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ശാസ്ത്രീയ പരിപാലനത്തിലൂടെ തീറ്റ നൽകിയാണു വളർത്തിയത്.
എട്ടാം മാസത്തിലാണു നൂറുമേനി വിളവെടുപ്പ്. ഗ്രാസ് കാർപ്പ്, തിലാപ്പിയ, നട്ടർ ഇനത്തിലുള്ള മത്സ്യങ്ങളാണ് നിലവിൽ വില്പനയ്ക്കായി തയാറായിട്ടുള്ളത്. അക്കാദമിയിലെ പ്രൊവിഷണൽ സ്റ്റോർ വഴിയാണ് വിപണനം.
അക്കാദമി അസിസ്റ്റന്റ് ഡയറക്ടർമാരായ ടി.കെ. സുബ്രഹ്മണ്യൻ, എൽ. സോളമൻ, എസ്. നജീബ് എന്നിവർ വിളവെടുപ്പിനു നേതൃത്വം നൽകി. തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. മാജാ ജോസ്, മത്സ്യഭവൻ പീച്ചി എക്സ്റ്റൻഷൻ ഓഫീസർ എം. ജോയ്നി ജേക്കബ്, അസിസ്റ്റന്റ് എക് സ്റ്റൻഷൻ ഓഫീസർ ജോമോൾ സി. ബേബി, പ്രോജക്ട് കോ-ഓർഡിനേറ്റർ അനഘ, പ്രമോട്ടർ ചിഞ്ചു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജൈവകൃഷി തോട്ടത്തിന്റെ നടത്തിപ്പും മേൽനോട്ട ചുമതലയുമുള്ള ഡിവൈഎസ്പി പി.ടി. ബാലന്റെ നേതൃത്വത്തിലാണു മത്സ്യകൃഷി പരിപാലനവും വിളവെടുപ്പും നടന്നത്.