പേരൂർക്കട: അമ്പലമുക്കിൽ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി രാജേന്ദ്രൻറെ കസ്റ്റഡികാലാവധി നാളെ അവസാനിക്കും.
ഒരാഴ്ചത്തെ കസ്റ്റഡി കാലാവധി യാണ് പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.
തൊണ്ടിമുതലുകൾ കണ്ടെത്താനുള്ള അന്വേഷണത്തിൽ മുട്ടട ആലപ്പുറം കുളത്തിൽനിന്ന് പ്രതിയുടെ ഷർട്ട് മാത്രമാണ് കണ്ടെത്താനായത്.
രക്തം പുരണ്ട വസ്ത്രത്തിൽ നിന്ന് തെളിവ് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ഫോറൻസിക് വിഭാഗം വിശദമായ പരിശോധന ഫലം ലഭിച്ചാൽ മാത്രമേ ഇതിൽ വ്യക്തത വരൂ.
കസ്റ്റഡികാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ കൊലക്കത്തി കണ്ടെടുക്കാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
പ്രതി രാജേന്ദ്രൻ അന്വേഷണവുമായി സഹകരിക്കാത് ഇതിന് ഒരു കാരണമാകുന്നുണ്ട്. അമ്പലമുക്കിൽ കൃത്യം നടന്ന കടയ്ക്ക് എതിർവശം വലിച്ചെറിഞ്ഞു,
മുട്ടട കുളത്തിനുള്ളിൽ വലിച്ചെറിഞ്ഞു, ഉള്ളൂർ ജംഗ്ഷന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വലിച്ചെറിഞ്ഞു എന്നിങ്ങനെ മൊഴിമാറ്റി പറയുകയാണ് പ്രതി ചെയ്തത്.
ഏതായാലും കൊലക്കത്തി കണ്ടെത്താനുള്ള അവസാന ശ്രമമെന്ന നിലയിൽ ഉള്ളൂർ ഭാഗത്ത് പ്രതിയുമായി പോലീസ് വിശദമായ തെളിവെടുപ്പിന് എത്തിയേക്കും.
മുട്ടടയിൽ നിന്ന് ഒരു ഇരുചക്ര വാഹനത്തിൽ കയറി ഉള്ളൂർ ജംഗ്ഷനിൽ ഇറങ്ങിയശേഷം കത്തി വലിച്ചെറിഞ്ഞുവെന്നും അവിടെ നിന്ന് ഓട്ടോറിക്ഷയിൽ തിരികെ പേരൂർക്കടയിലേക്ക് വന്നുവെന്നുമാണ് ഏറ്റവും ഒടുവിൽ പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്.
ഫെബ്രുവരി ആറാം തീയതി ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അമ്പലമുക്ക് അഗ്രി ക്ലിനിക് എന്ന ചെടിക്കടയിലെ ജീവനക്കാരി നെടുമങ്ങാട് സ്വദേശിനി വിനീതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
രണ്ട് എൻട്രൻസുകളുള്ള കടയുടെ ആദ്യത്തെ എൻട്രൻസിലൂടെ പ്രവേശിച്ചശേഷം പടിക്കെട്ടിറങ്ങി ചെടിച്ചട്ടികൾ നിരത്തിവച്ചിരിക്കുന്ന ഷെഡ്ഡിന് സമീപംവച്ച് യുവതിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു പ്രതി.