ന്യൂഡല്‍ഹി: പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വാക്പയറ്റും കൊമ്പ് കോര്ക്കലുമായി നേതാക്കള്‍.
ബിജെപിയുടെ താരപ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആം ആദ്മി പാര്‍ട്ടിയുടെ വേരുറപ്പിക്കാന്‍ കേജരിവാളും പഞ്ചാബില്‍ കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്.
കര്‍ഷകരില്‍നിന്നു കടുത്ത പ്രതിഷേധം നേരിടുന്ന ബിജെപിക്കു പഞ്ചാബില്‍ ഇത്തവണ ശിരോമണി അകാലി ദളിന്റെ സഖ്യമില്ലെന്നതും വലിയ വെല്ലുവിളിയാണ്.
അമരീന്ദര്‍ സിംഗ് അകന്നു പോയതും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും കോണ്‍ഗ്രസിനെയും വെട്ടിലാക്കുന്നുണ്ട്.
ഈ സാഹചര്യങ്ങളെല്ലാം ഒറ്റയ്ക്ക് മുതലെടുക്കാം എന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഭരണ മാതൃകയില്‍ വന്‍ വാഗ്ദാനങ്ങള്‍ നല്കി പഞ്ചാബില്‍ പ്രചാരണം നടത്തുന്നത്.
വിവാദ കാര്‍ഷിക പാസാക്കിയതില്‍ പ്രതിഷേധിച്ചു കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചെങ്കിലും ശിരോമണി അകാലി ദളിനു ഭരണപ്രതീക്ഷ വച്ചു പുലര്‍ത്താന്‍ ആവില്ല.
കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തനി പകര്‍പ്പുകളാണെന്നും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നതിലും രാജ്യത്തെ സൈനികരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നതിലും ഇരു പാര്‍ട്ടികളും ഒറ്റ കെട്ടാണെന്നുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി പറഞ്ഞത്.
കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്തെ യുവാക്കളെ മയക്കുമരുന്നിന്റെ കെണിയിലേക്കു തള്ളി വിടുമ്പോള്‍ ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു.
ഇരു കൂട്ടരും ചേര്‍ന്ന് പഞ്ചാബും ഡല്‍ഹിയും കട്ടു മുടിക്കുന്നു.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആം ആദ്മിക്കു ഭൂരിപക്ഷം ഇല്ലാതിരുന്നപ്പോള്‍ പിന്തുണയുമായി എത്തിയ കോണ്‍ഗ്രസ് ഇപ്പോള്‍ പരസ്പരം ശത്രുക്കളാണെന്നു നടിച്ചു ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുകയാണ്.
പഞ്ചാബിലെ ജനങ്ങള്‍ ബിജെപിയെ അധികാരത്തില്‍ കൊണ്ടുവന്നാല്‍ വികസനം ഉറപ്പു വരുത്തുമെന്നും മോദി ചൂണ്ടിക്കാട്ടി.
പഞ്ചാബ് സംസ്ഥാനത്തിന്റെ കട ബാധ്യതകള്‍ വര്‍ദ്ധിക്കുന്നു, തൊഴിലില്ലായ്മ പെരുകുന്നു, വികസനം പഞ്ചാബിനെ തൊട്ടു തീണ്ടിയിട്ടില്ല,
മണല്‍ മാഫിയകളുടെ അഴിഞ്ഞാട്ടമാണ് സംസ്ഥാനത്ത്. ബിജെപി അധികാരത്തില്‍ വന്നാല്‍ മണല്‍ മാഫിയയെ കെട്ടുകെട്ടിക്കും.
ഗുരു രവിദാസ് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി യുപിയിലെ വാരണാസിയില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച നടത്താനിരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പ്് ഗുരുദാസ് ജയന്തി പ്രമാണിച്ചാണ് ഞായറാഴ്ചയിലേക്കു മാറ്റിയത്.
സിക്ക് മത സ്ഥാപകനായ ഗുരു നാനാക് സിംഗിന്റെ സമാധി സ്ഥലമായ കര്‍താപൂര്‍ ദര്‍ഗയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന കര്‍താപൂര്‍ ഇടനാഴി യാഥാര്‍ഥ്യമാക്കിയത് ബിജെപിയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് അവസരങ്ങള്‍ പലതും ലഭിച്ചിട്ടും സിക്കുകാരുടെ പുണ്യസ്ഥലം വീണ്ടെടുക്കുന്നതിനു ശ്രമിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.
ഇതിനിടെ, ഗുരു രവിദാസ് ജയന്തിയെത്തുടര്ന്നു കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വാരണാസിയിലെ ലങ്കാറുകളില്‍ ഭക്ഷണം വിതരണം ചെയ്തു.
പ്രചരണ തിരക്കുകള്‍ക്കിടെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ചന്നിയും കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഭക്ഷണ വിതരണത്തില്‍ പങ്കു ചേര്‍ന്നു.
ആള്‍ക്കൂട്ടത്തിന്റെ മുന്പില് തലപ്പാവ് ധരിച്ചാല്‍ സര്‍ദാരുമാര്‍ ആകുമെന്നാണ് കേജരിവാളും മോദിയും ധരിച്ചു വച്ചിരിക്കുന്നത്.
രണ്ടു പേരും ആര്‍എസ്എസില്‍നിന്നു വന്നവരാണ്. കേജരിവാള്‍ ആര്‍എസ്എസിന്റെ സഹായത്തോടെ അധികാരത്തില്‍ വന്നപ്പോള്‍ മോദി ആര്‍എസ്എസുകാരനായി അധികാരത്തില്‍ വന്നു.
പഞ്ചാബിലെ ജനങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസം അര്പ്പിക്കുന്നതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്.
മുഖ്യമന്ത്രി ചന്നിയിലും കോണ്‍ഗ്രസ് സര്‍ക്കാരിലും ജനങ്ങല്‍ വിശ്വാസം അര്‍പ്പിക്കുന്നു. പഞ്ചാബില്‍ വികസനം എത്തിക്കുന്നതിന് കോണ്‍ഗ്രസിനു കഴിയുമെന്നു ജനങ്ങള്‍ക്ക് അറിയാം.
പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപികരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനം.
നരേന്ദ്ര മോദിയുടെയും കേജരിവാളിന്റെയും പിന്നിലുള്ള ശക്തികളെ ജനങ്ങള്‍ തിരിച്ചറിയണം.
കര്‍ഷകരെ തകര്‍ക്കുന്നതിനായാണ് മോദി മൂന്നു കരിനിയമങ്ങള്‍ കൊണ്ടുവന്നത്. അധികാരത്തില്‍ ഏറുന്നതിന് മുന്‍പ് രണ്ടു കോടിയില്‍ അധികം തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത മോദിജി ഇപ്പോള്‍ അതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല.
മോദി സര്‍ക്കാര്‍ പാവങ്ങളുടെ കൂടെയല്ല. പഞ്ചാബില്‍ വേരുറപ്പിക്കുന്നതിനു ശ്രമിക്കുന്ന പുതിയ പാര്‍ട്ടികള്‍ പഞ്ചാബിലെ തകര്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ മണ്ഡലമായ ചംകോര്‍ സാഹിബിലും ചന്നി തോല്‍ക്കും എന്നായിരുന്നു കേജരിവാളിന്റെ പ്രവചനം.
ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ടെലിപോള് സര്‍വേയിലാണ് കണ്ടെത്തല്‍. ചന്നി പരാജയപെട്ടാല്‍ കോണ്‍ഗ്രസ് ആരെ മുഖ്യമന്ത്രിയാക്കുമെന്നും കേജരിവാള്‍ ചോദിച്ചു.
എന്നാല്‍, കേജരിവാള്‍ പഞ്ചാബിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ഇതുവരെ നടത്തിയ എല്ലാ പ്രവചനങ്ങളും തെറ്റിയിട്ടുണ്ടെന്നും കേജരിവാള്‍ രാഷ്ട്രീയ പ്രവചനങ്ങള്‍ നടത്തുന്നതു നിര്‍ത്തണമെന്നും ആയിരുന്നു ചന്നിയുടെ മറുപടി.
– രാഹുല്‍ ഗോപിനാഥ്