പാലക്കാട്: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി.
ബിജെപി നേതാവ് ഡോ.എസ്. കൃഷ്ണകുമാർ ഐഎഎസ് പ്രസിഡന്റായ എൻജിഒയിലാണ് ജോലി ലഭിച്ചത്.
പാലക്കാട് ചന്ദ്രനഗറിൽ പ്രവർത്തിക്കുന്ന ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി എന്ന എൻജിഒയിൽ 43,000 രൂപ ശന്പളത്തിലാണ് സ്വപ്ന സുരേഷിന്റെ നിയമനം.
ഈ മാസം 12നാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിക്കൊണ്ടുള്ള ഓഫർ ലെറ്റർ അയച്ചത്. ഓഫർ സ്വപ്ന സ്വീകരിച്ചിട്ടുമുണ്ട്.
കേരളം, തമിഴ്നാട്, കർണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, ആസാം, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന എൻജിഒ ആണ് ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി. ആദിവാസിക്ഷേമം, ചെറുകിട വായ്പാ നിക്ഷേപ പദ്ധതികൾ, ഭവനപദ്ധതികൾ തുടങ്ങിയവയാണ് പ്രവർത്തന മേഖല.
പാലക്കാട് ചന്ദ്രനഗറിലാണ് ഇതിന്റെ ആസ്ഥാനം. നിലവിലെ പ്രസിഡന്റായ കൃഷ്ണകുമാർ മുൻ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു. 2019ൽ ബിജെപിയിൽ ചേർന്നു.
സ്വപ്ന എന്നു ജോലിയിൽ പ്രവേശിക്കുമെന്നു വ്യക്തമല്ല. വ്യക്തിപരമായും ആരോഗ്യപരമായുമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓഫീസിൽ എത്തുന്നതിനു സ്വപ്ന സുരേഷ് സാവകാശം തേടിയിട്ടുണ്ട്.