തൃപ്പൂണിത്തുറ: സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയെ ഹെൽമെറ്റ്കൊണ്ട് ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര കിടങ്ങ് റോഡ് കണ്ണാടികോവിലകത്ത് സതീഷ്(43) നെയാണ് ഹിൽപാലസ് സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടവിൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അറസ്റ്റ്.മൂവാറ്റുപുഴയിൽനിന്നു മധുരയിലേക്കു കടക്കാൻ ശ്രമിക്കവെ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ് ഇയാളെ പിടികൂടിയത്.
സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായ പുതിയകാവ് മാളേകാട് അതിർത്തി റോഡിൽ ഷിജി സുധിലാലിനെയാണ് സഹപ്രവർത്തകയുടെ ഭർത്താവായ സതീഷ് ആക്രമിച്ചത്.
ഹെൽമെറ്റിനു അടിയേറ്റ് തലയ്ക്കും കൈക്കും സാരമായ പരുക്കേറ്റ ഷിജി ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണ്. മിനി ബൈപാസ്-കണ്ണൻകുളങ്ങര റോഡിലെ സൂപ്പർമാർക്കറ്റിൽ ചൊവ്വാഴ്ചയായിരുന്നു അക്രമം നടന്നത്.
ബിൽ ചെയ്യുന്ന ഭാഗത്ത് മറ്റൊരുസഹവർത്തകയുമൊത്ത് ഷിജി സംസാരിച്ചു നിൽക്കുന്നതിനിടെ സതീഷ് വന്ന് ആക്രമിക്കുകയായിരുന്നു. ഭാര്യയെ അന്വേഷിച്ച് സൂപ്പർമാർക്കറ്റിലെ ഫോണിലേക്ക് സതീഷ് വിളിച്ചപ്പോൾ ഷിജിയാണ് ഫോൺ എടുത്തത്.
ജോലിത്തിരക്കായതിനാൽ ഫോൺ നൽകാൻ ഷിജിക്കു കഴിഞ്ഞില്ല. ഇതേത്തുടർന്നുണ്ടായ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചത്.