വൈപ്പിൻ: മോഡലുകൾ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി.
കുഴുപ്പിള്ളി ബീച്ചിലെ ഹോം സ്റ്റേയിൽനിന്നും മൂന്നംഗ സംഘം ഒരു ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്നാണ് സൈജു പറയുന്നത്.
ഇതേ തുടർന്ന് സഹോദരൻ കാക്കനാട് കൊളംബിയ ഫ്ളാറ്റിൽ താമസിക്കുന്ന എം.ടി. സോണി മുനന്പം പോലീസിൽ നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരേ മുനന്പം പോലീസ് കേസെടുത്തിട്ടുണ്ട്.
15നു രാത്രി കുഴുപ്പിള്ളി ബീച്ചിലെ ഒരു ഹോം സ്റ്റേയിൽ നിന്നാണത്രേ സംഘം സൈജു തങ്കച്ചനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
സംഘം രാത്രി ഹോം സ്റ്റേയിലെത്തി ഭീഷണിപ്പെടുത്തി സൈജുവിനെ കണ്ണുകെട്ടി കടത്തിക്കൊണ്ട് പോയെന്നാണ് പരാതിയിൽ പറയുന്നത്.
ഇടക്ക് ബീച്ചിൽ വച്ച് സംഘത്തിന്റെ കണ്ണുവെട്ടിച്ച് ഓടി ഒരു ബൈക്കിൽ കയറി രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നുവെന്നും സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു.
പണം നൽകിയില്ലെങ്കിൽ ഒളിവിൽ താമസിക്കുന്ന നിന്നെ പോലീസിനു പിടിച്ചു കൊടുക്കുമെന്നാണത്രേ സംഘം ഭീഷണിപ്പെടുത്തിയത്.
അതേസമയം മുൻ കൂർ ജാമ്യത്തിനു സമീപിച്ചിട്ടുള്ള സൈജുവിന്റെ അറസ്റ്റ് കോടതി താൽകാലികമായി തടഞ്ഞിരിക്കുകയാണെന്നാണ് പോലീസ് നൽകിയ സൂചന.
പരാതിയിൽ വാസ്തവമുണ്ടോയെന്നാണ് പോലീസ് ആദ്യം അന്വേഷിക്കുന്നത്. ഇതിനായി പോലീസ് ഹോം സ്റ്റേ നടത്തിപ്പുകാരുടെ മൊഴികളും സംഭവം നടന്ന ഭാഗത്തെ കാമറകളും പരിശോധിച്ച് വരുകയാണ്.