കൊച്ചി: വിളക്കണക്കല്‍ സമരത്തിനിടെ സിപിഎം പ്രവർത്തകരുടെ മര്‍ദനമേറ്റ ട്വന്റി20 പ്രവര്ത്തകന് കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി.കെ. ദീപു(37) മരിച്ചു. ശനിയാഴ്ചയാണ് ദീപുവിന് മര്‍ദനമേറ്റത്.
വൈകുന്നേരം ഏഴു മുതൽ ഏഴേകാൽ വരെ ട്വന്റി 20 ഭരിക്കുന്ന വാർഡുകളിലെ എല്ലാ വീടുകളിലെയും ലൈറ്റുകൾ അണച്ചായിരുന്നു സമരം സംഘടിപ്പിച്ചത്. രാത്രി എട്ടോടെയാണ് സിപിഎം പ്രവർത്തകരിൽ നിന്നും ദീപുവിനു മർദനമേറ്റതെന്നാണ് ട്വന്റി 20 നേതൃത്വം പറയുന്നത്.
ട്വന്റി 20 ഭരിക്കുന്ന ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചാത്തുകളിൽ ആധുനിക എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നത് കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജന്റെ നേതൃത്വത്തിൽ തടഞ്ഞുവെന്നായിരുന്നു ട്വന്റി 20 ആരോപിച്ചത്.
ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്തുകളിലെ എല്ലാ വീടുകളിലെയും ലൈറ്റുകൾ അണച്ച് സമരം സംഘടിപ്പിക്കാൻ ട്വന്റി 20 നേതൃത്വം തീരുമാനിച്ചത്.
അതേസമയം, കേസിൽ നാല് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബഷീര്‍, സൈനുദ്ദീന്‍, അബ്ദുറഹ്മാന്,അബ്ദുല്‍ അസീസ് എന്നിവരാണ് പിടിയിലായത്.
ട്വന്റി20 പ്രവർത്തകന്റെ മരണം; എംഎൽഎ പി.വി.ശ്രീനിജനെതിരെ ഗുരുതര ആരോപണം
കൊച്ചി: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് ട്വന്റി20 പ്രവര്ത്തകന് മരിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധം. കൊലയ്ക്ക് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജനാണെന്നും ശ്രീനിജന് ഗൂഢാലോചന നടത്തിയെന്നും ട്വന്റി20 ആരോപിച്ചു.
ശ്രീനിജനെ കിഴക്കമ്പലത്ത് കാല് കുത്താന്‍ അനുവദിക്കില്ല. സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ പട്ടിയെപ്പോലെ തല്ലിച്ചതച്ചു. ദീപുവിന് ഒരു അസുഖവും ഉണ്ടായിരുന്നില്ല. എന്നിട്ടും ശ്രീനിജന് ദീപുവിന് ലിവര്‍ സിറോസിസാണെന്ന് പ്രചരിപ്പിക്കുകയാണെന്നും ട്വന്റി20 കുറ്റപ്പെടുത്തി.
അതേസമയം, പോസ്റ്റുമോര്‍ട്ടം അട്ടിമറിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുകയാണെന്ന് ദീപുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.