നെടുങ്കണ്ടം: ഛത്തീസ്ഗഡിൽനിന്നും പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്ന മധ്യപ്രദേശ് സ്വദേശിയായ യുവാവ് പിടിയിൽ.
മധ്യപ്രദേശിലെ ഡിപ്ഡോരി ജില്ലക്കാരനായ ഹനുമന്ത് ലാൽ പരസ്തെ(25)യെയാണ് ഛത്തീസ്ഗഡിൽ നിന്നും എത്തിയ പൊലീസ് നെടുങ്കണ്ടം പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
2019 ലാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നത്.
തുടർന്ന് ഇരുവരും ജില്ലയിലെ വിവിധ ഏലത്തോട്ടങ്ങളിൽ ജോലിചെയ്തിരുന്നു.
പെണ്‍കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഛത്തീസ്ഗഡിലെ കുക്ദൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ജില്ലയിൽ ഉള്ളതായി വിവരം ലഭിച്ചു.
തുടർന്ന് നെടുങ്കണ്ടം പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിക്ക് ഖജനാപ്പാറയിൽ രണ്ട് സുഹൃത്തുക്കൾ ഉണ്ടെന്ന് കണ്ടെത്തി.
ഇവർ മുഖാന്തരമാണ് കവുന്തി ഇല്ലിപ്പാലത്തുനിന്നും പ്രതിയെ പിടികൂടിയത്.
കുക്ദൂർ പൊലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിൾ വിമല ദുർവേ, ഹെഡ് കോണ്‍സ്റ്റബിൾ ബി.ഡി ടംഠണ്, കോണ്‍സ്റ്റബിൾ മനീഷ് ജാരിയ, ദ്വിഭാഷി മനോജ് രാജൻ എന്നിവരും നെടുങ്കണ്ടം എസ്.ഐ ജി അജയകുമാർ, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.