ജോണ് മാത്യു
കോട്ടയം: നിരത്തുകളിൽ അംബാസിഡർ കാറുകൾ അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന കാലത്ത് കിഴക്കൻ മലനിരകളിൽ നിന്നൊരു അംബാസിഡർ പ്രേമി.
തൊടുപുഴ സ്വദേശി പോൾ ജി. വെള്ളാങ്കൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നാലാമത്തെ അംബാസിഡർ കാറാണ് ഉപയോഗിക്കുന്നത്.ഡൽഹിയിൽ 30 വർഷത്തെ ജീവിതത്തിനുശേഷമാണ് തൊടുപുഴയിലെത്തി കർഷകനായി ജീവിതം പറിച്ചുനട്ടത്.
ഇടുക്കിയിലെ മലയോര പ്രദേശമായ മാങ്കുളത്തുള്ള കൃഷിയിടത്തിലേക്ക് വളവും, കൃഷി പണിക്കുള്ള ആയുധങ്ങളും എത്തിക്കണം, റബർ, കപ്പ, ചക്ക, വാഴക്കുല അടക്കമുള്ള കാർഷിക ഉൽപ്പന്നങ്ങൾ ചന്തയിലേക്കും വീട്ടിലേക്കും കൊണ്ടുവരാൻ മികച്ച വാഹനം ഇതാണെന്ന് പോൾ പറയുന്നു.
ഇന്ത്യൻ റോഡുകളിലെ രാജാവായിരുന്ന കാലം ഈ വാഹനത്തിനുണ്ട്. അംബാസിഡർ ഒരു കാലത്ത് നാട്ടിലെ സന്പന്നരുടെ കൈവശം മാത്രം ഉണ്ടായിരുന്നു എന്നതും പ്രത്യേകതയാണ്. ഇന്ത്യൻ റോഡുകൾക്ക് പറ്റിയ വാഹനം ഒരു കാലത്ത് ഇതായിരുന്നു.
ടാറിടാത്ത നാട്ടുവഴികളിലും ഒരു കല്ലിൽ നിന്നും മറ്റൊന്നിലേക്ക് ചാടുന്ന മലയോര പ്രദേശങ്ങളിലും വഴിമുടക്കാതെ ഓടുന്ന വാഹനം ജീപ്പുകളും പിന്നെ അംബാസിഡറുമാണ്.
ഒരു ജീപ്പിൽ കയറ്റാവുന്ന ഭാരം അംബാസിഡർ അനായാസം വഹിക്കും, അത്രപെട്ടെന്ന് കേടുവരില്ല, സെക്കൻഡ് ഹാൻഡ് വാങ്ങുന്നവർക്ക്് താങ്ങാനാവുന്ന വില എന്നിവയാണ് തന്നെ ആകർഷിച്ചതെന്ന് പോൾ പറയുന്നു.
ഉപയോഗിക്കാൻ പറ്റാതെ വരുന്പോൾ വിറ്റൊഴിയുന്നു, ഇത്തരത്തിൽ നാലാമത്തെ അംബാസിഡറാണ് പോളിന്റെ പക്കലുള്ളത്.
വലിയ ഡിക്കി, ലോഹ നിർമിതമായ ബോഡി, മിതമായ വേഗതയിലുള്ള സഞ്ചാരം, അപകടങ്ങളിൽ യാത്രക്കാർക്ക് പരിക്കേൽക്കാതെയുള്ള സംരക്ഷണം ഇവയെല്ലാം അംബാസിഡർ കാറിന് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതകളാണ്.
ബ്രിട്ടീഷ് കന്പനിയായ ബ്രിട്ടീഷ് മോട്ടോർ കോർപ്പറേഷനാണ് ബിൽലാ ഗ്രൂപ്പിന്റെ ഹിന്ദുസ്ഥാൻ മോട്ടേഴ്സ് ഏറ്റെടുത്തത്. 1942-ലാണ് ഹിന്ദുസ്ഥാൻ മോട്ടേഴ്സ് എന്ന കന്പനി ബിൽല ആരംഭിക്കുന്നത്.
ബ്രിട്ടീഷ് ഇന്ത്യയിൽ ഗുജറാത്തിലെ ഓഖ്ര തുറമുഖത്തിനടുത്തുള്ള ഫാക്ടറി ബിൽല ഏറ്റെടുത്ത ശേഷം പശ്ചിമ ബംഗാളിലെ ഹൂബ്ലിയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
1956-ൽ ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ച കാർ 2014-ൽ നിർമ്മാണം അവസാനിച്ചു. ഇന്ത്യ സ്വാതന്ത്രം നേടുന്നതിന് തൊട്ടുമുന്പാണ് ബ്രിട്ടീഷ് മോട്ടോർ കോർപ്പറേഷൻ ഇന്ത്യൻ കന്പനിയായ ബിർല ഗ്രൂപ്പിന്റെ ഹിന്ദുസ്ഥാൻ മോട്ടേഴ്സ് ഏറ്റെടുക്കുന്നത്.
ഇന്ത്യയുടെ ആദ്യത്തെ സ്വന്തം കാർ എന്ന ബഹുമതിയും അംബാസിഡറിനാണ്. കാലാനുസൃതമായി മാറാത്തതും പൂതിയ കാറുകൾ രംഗത്തുവന്നതും ആളുകളുടെ അഭിരുചികളിൽ വന്ന മാറ്റങ്ങളും അംബാസിഡർ കാറുകളുടെ മാർക്കറ്റ് ഇടിച്ചു.
ഒരു കാലത്ത് പ്രമുഖരുടെ ഇഷ്ടവാഹനം, ദീർഘകാലം രാഷ്ട്രീയ നേതാക്കളുടെയും മന്ത്രി പ്രമുഖരുടെയും യാത്രകൾക്ക് ഉപയോഗിച്ച വാഹനം എന്ന ഖ്യാതിയും അംബാസിഡറിനെ എക്കാലവും ഓർമ്മയിൽ നിലനിർത്തും.