ചങ്ങനാശേരി: ചങ്ങനാശേരിയിൽ നിന്നും മോഷണംപോയ വെള്ളി ആഭരണങ്ങൾ കണ്ണൂരിലുള്ള വെള്ളിക്കടയിൽ നിന്നും കണ്ടെടുത്തു.
രണ്ടുകിലോ വെള്ളി ആഭരണങ്ങളാണ് ചങ്ങനാശേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്.
മാർക്കറ്റ് റോഡിലുള്ള ആലുക്കൽ, ഐശ്വര്യ ജൂവലറികളിൽ നിന്നും രണ്ടുലക്ഷത്തോളം രൂപയുടെ വെള്ളി ആഭരണങ്ങളാണ് കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനു മോഷണം പോയത്.
മോഷണ കേസിൽ റിമാൻഡിലായ കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് തെക്കേമുറിയിൽ തങ്കച്ചൻ(54), ഇയാൾ സ്വർണം കൈമാറിയ കണ്ണൂർ സ്വദേശി സുരേഷ്(42)എന്നിവരെ കസ്റ്റഡിയിൽ വാങ്ങി കണ്ണൂരിൽ എത്തിച്ചാണ് മോഷണമുതൽ പോലീസ് കണ്ടെടുത്തത്.
തിരികെ എത്തിച്ച പ്രതികളെ വീണ്ടും ജയിലിലേക്കു മാറ്റി. വെള്ളിക്കടകളുടെ പൂട്ടു പൊളിക്കുന്നത് പ്രതി തങ്കച്ചന് ത്രില്ലാണെന്നാണ് പോലീസ് പറയുന്നത്.
കണ്ണൂരിൽ നിന്നും ട്രെയിൻ മാർഗമോ ബസിലോ കോട്ടയത്തോ ചങ്ങനാശേരിയിലോ ഇറങ്ങുന്ന തങ്കച്ചൻ മോഷ്ടിക്കാൻ പറ്റുന്ന വ്യാപാര സ്ഥാപനങ്ങൾ പകൽ കണ്ടുവയ്ക്കും.
രാത്രി ഒന്നിനും പുലർച്ചെ മൂന്നിനും ഇടയിൽ മോഷ്ടിച്ച് ട്രെയിനിലോ കെഎസ്ആർടിസി ബസിലോ കയറി കോഴിക്കോട്ടേക്കോ കണ്ണൂരിലേക്കോ രക്ഷപ്പെടുകയാണ് പതിവ്.
ചങ്ങനാശേരിയിലെ ജൂവലറികളിൽ നിന്നും മോഷ്ടിച്ച വെള്ളി ആഭരണങ്ങൾ തങ്കച്ചൻ കണ്ണൂരുള്ള ജൂവലറിയിലാണ് വിറ്റത്. ഈ ആഭരണങ്ങളാണ് പോലീസ് കണ്ടെടുത്തത്.
ഇക്കഴിഞ്ഞ ജനുവരി ഒന്നിന് തിരുവല്ല പോലീസ് സ്റ്റേഷൻ റോഡിലുള്ള ഒരു ജൂവലറിയിൽ നിന്നും അരക്കിലോയോളം വെള്ളി ആഭരണങ്ങളും ഇയാൾ മോഷ്ടിച്ചിരുന്നു.
പെരുന്ന ബസ് സ്റ്റാൻഡിനു സമീപത്തുള്ള നിയോ മെഡിക്കൽ സ്റ്റോറിന്റെ പൂട്ടുപൊളിച്ച് 15,500 രൂപ കവർച്ച ചെയ്തതടക്കം മുപ്പതോളം കേസുകൾ പ്രതിയുടെ പേരിലുള്ളതായാണ് പോലീസ് പറയുന്നത്.