മാനന്തവാടി:”നിരപരാധികളായ മക്കളെ കൊന്നവനെ തൂക്കിക്കൊല്ലുന്നതുവരെ എന്റെയും സഹോദരങ്ങളുടെയും കണ്ണുനീരും പ്രാർഥനയും അവസാനിക്കില്ല.
നാട് മുഴുവൻ ജാതിമത ഭേദമന്യേ പ്രതിയെ കണ്ടെത്താനുള്ള പ്രാർഥനയിലായിരുന്നു. അത് നിറവേറി.
വളരെ സന്തോഷമുണ്ട്.’ കണ്ടത്തുവയലിൽ കൊല്ലപ്പെട്ട ദന്പതികളുടെ കൊലയാളിയെ പിടികൂടിയപ്പോൾ അവരുടെ മാതാവ് ആയിഷ 2018 സെപ്റ്റംബറിൽ പറഞ്ഞ വാക്കുകളാണിത്.
ആ പ്രാർഥനയ്ക്ക് ഇന്നലെ കൽപ്പറ്റ സെഷൻസ് കോടതി ജഡ്ജിന്റെ വിധിയിലൂടെ ഫലമുണ്ടാകുകയായിരുന്നു.
കൊലപാതക കേസുമായി ബന്ധപ്പെട്ട് മുഴുവൻ നാട്ടുകാരും പൊതുജനങ്ങളും അന്വേഷണ സംഘത്തിന് നൽകിയ സഹകരണമാണ് കേസ് അന്വേഷണം വളരെ വേഗം മുന്നോട്ടുപോകാൻ സഹായകരമായത്.
യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നും പ്രഫഷണൽ കൊലപാതകിയായരിക്കുമെന്നുമെല്ലാം ഊഹങ്ങൾ പ്രചരിച്ചിരുന്നു.
പ്രതിയിലേക്കെത്താൻ യാതൊരു സൂചനയും ലഭിക്കാതിരുന്നപ്പോൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമര രംഗത്തും നാട്ടുകാരെത്തിയിരുന്നു.
ഒടുവിൽ അന്വേഷണ ഏജൻസിയെ മാറ്റണമെന്നും ആവശ്യമുയർന്നിരുന്നു.
എന്നാൽ എല്ലാ ഘട്ടത്തിലും ആത്മവിശ്വാസം ചോരാതെ പ്രവർത്തിച്ച അന്വേഷണം സംഘത്തിന് നാട്ടുകാരുടെ മുന്നിൽ തലതാഴ്ത്തേണ്ടി വന്നില്ല.
പ്രതി വിശ്വനാഥനെ തെളിവെടുപ്പിനായി കണ്ടത്തുവയലിലെത്തിച്ചപ്പോൾ കേരളപോലീസിനഭിവാദ്യങ്ങൾ അർപ്പിച്ച് മുദ്രാവാക്യങ്ങൾ മുഴങ്ങിയിരുന്നു.
90 ദിവസത്തിനകം തന്നെ കുറ്റപത്രം തയാറാക്കി നൽകാനും പോലീസിന് സാധിച്ചു.
വിചാരണഘട്ടങ്ങളിലെല്ലാം സാക്ഷികൾ കൃത്യതയോടെ കോടതിയിൽ കാര്യങ്ങൾ വിശദീകരിക്കുകയും സംഭവം അപൂർവങ്ങളിലപൂർവണാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനും പോസിക്യൂഷന് സാധിച്ചതിലൂടെയാണ് തൂക്കുകയർ ഉറപ്പായത്.
അന്നത്തെ മാനന്തവാടി ഡിവൈഎസ്പി ആയിരുന്ന കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർമാരായ പി.കെ. മണി, എം.ഡി. സുനിൽ,
എസ്ഐ മാരായ മാത്യു, ജിതേഷ്, ബിദു ആന്റണി, എഎസ്ഐ മാരായ അബൂബക്കർ, സുബാഷ്മണി, ജയൻ, സീനിയർ സിപിഒമാരായ നൗഷാദ്, ഹിജു വർഗീസ്,
റിയാസുദ്ദീൻ, റഹീം, പ്രമോദ്, സിപിഒമാരായ ഉസ്മാൻ, ഹക്കീം, റിയാസ്, സുമേഷ്, സുരാജ്, പ്രമോദ്, ജിതേഷ്, ജിൻസ, അബ്ദുറഹ്മാൻ, അനിൽ, ഗിരീഷ്,
രാജേഷ് തുടങ്ങിയവരാണുണ്ടായിരുന്നത്. അന്വേഷണ സംഘത്തെയും പ്രോസിക്യുഷനെയും കോടതി പ്രശംസിക്കുകയും ചെയ്തു.
കുടുക്കിയത് ഒന്നര മിനിട്ട് ഫോണ്വിളി
കൽപ്പറ്റ: ദന്പതികളിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണ് പ്രതിയുടെ ഭാര്യ ഒന്നര മിനിട്ട് നേരം ഉപയോഗിച്ചതാണ് കൊലയാളിയിലേക്കെത്താൻ പോലീസിന് സഹായകമായത്.
ഫാത്തിമ അണിഞ്ഞ സ്വർണ്ണാഭരണം മോഷ്ടിച്ചതിനു പുറമെ ഫാത്തിമയുടെ മൊബൈൽ ഫോണും മോഷണം പോയിരുന്നു.
ഫോണ് സ്വിച്ച് ഓഫാക്കിയുന്നെങ്കിലും പ്രതിയുടെ ഭാര്യ ഫോൺ ഇടയ്ക്ക് ഓണാക്കി ഉപയോഗിച്ചിരുന്നു. ഇതാണ് പോലീസിന് തുന്പായത്.
അതിനിടെ നിരവധി കളവ് കേസിലെ പ്രതി കൂടിയായ തൊട്ടിൽ പാലം മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വൻ എന്ന വിശ്വനാഥനേയും പോലീസ് ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു.
പിന്നീട് വിശ്വനാഥൻ പോലീസ് നിരീക്ഷണത്തിലുമായിരുന്നു.
സംഭവ ദിവസം പ്രതി ധരിച്ച വസ്ത്രങ്ങൾ തൊട്ടിൽ പാലം കാവിലുംപാറയിലെ പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
ഇതിനുപുറമെ പ്രതി മോഷ്ടിച്ച ഫാത്തിമയുടെ സ്വർണ്ണാഭരണങ്ങൾ കുറ്റ്യാടിയിലെ ഒരു സ്വർണ്ണാഭരണ പണിക്കാരന് വിൽപ്പന നടത്തിയിരുന്നു.
ആ ഭരണങ്ങൾ ഉരുക്കി കട്ടിയാക്കിയതിൽ 64.080 ഗ്രാം സ്വർണവും പോലീസ് കണ്ടെടുത്തിരുന്നു.