തലശേരി: ഉത്സവസ്ഥലത്തെ വാക്കേറ്റവും കയ്യാങ്കളിയും ഒരു കുടുംബനാഥന്റെ ജീവൻ അപഹരിച്ചതിന്റെ ഞെട്ടലിലാണ് പുന്നോൽ പ്രദേശം.
മത്സ്യബന്ധനം കഴിഞ്ഞ് കറിവയ്ക്കാനുളള മത്സ്യവുമായി വീട്ടിലെത്തിയ ഹരിദാസനെ അക്രമിസംഘം വീട്ടുപറമ്പിൽ വച്ച് തന്നെ വെട്ടി വീഴ്ത്തുകയായിരുന്നു.
വെട്ടേറ്റ് വീണ ഹരിദാസനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ഇടതുകാൽ വെട്ടിമാറ്റിയത് രക്ഷകരായി എത്തിയ സഹോദരൻ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെട്ടത്.
ഇതിനിടെ നാട്ടുകാരാണ് വെട്ടി മാറ്റിയ കാൽ കണ്ടെത്തി ഉടൻ പ്ലാസ്റ്റിക് കവറിലാക്കി ആശുപത്രിയിലെത്തിച്ചത്.
സമാധാനാന്തരീക്ഷം നിലനിന്നിരുന്ന പ്രദേശത്ത് നടന്ന അപ്രതീക്ഷിത കൊലപാതകം തലശേരി മേഖലയെ സംഘർഷത്തിലാക്കിയിരിക്കുകയാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ പോലീസ് ഉദ്യാഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ് കനത്ത ജാഗ്രത തുടരുകയാണ്.
പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം വിലാപയാത്രയായി പുന്നോൽ താഴെ വയലിൽ എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ വൻ ജനാവലിയാണ് എത്തിയത്.
ഭാര്യയും മക്കളുമടങ്ങിയ കുടുംബാംഗങ്ങളുടെ അലമുറകൾക്കിടയിൽ വീട്ടുമുറ്റത്തൊരുക്കിയ ചിതയിൽ ഹരിദാസന്റെ മൃതദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.
സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, എം.എൻ. ഷംസീർ എംഎൽഎ, നഗരസഭ ചെയർമാൻ ജമുനാ റാണി, പി.ശശി, കാരായി രാജൻ,
എം.സി പവിത്രൻ തുടങ്ങിയ നിരവധി നേതാക്കളും മൃതദേഹത്തെ അനുഗമിച്ച് വീട്ടിലെത്തിയിരുന്നു. കണ്ണൂർ അഡീഷണൽ എസ്പി പ്രിൻസ് ഏബ്രഹാം,
ഇരിട്ടി ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘമാണ് വിലാപയാത്രയെ അനുഗമിച്ചത്.