കോട്ടയം: പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ വനിതാ പോലീസുകാരി അഡീഷണൽ എസ്ഐയെ മർദിച്ച സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മൊബൈൽ ഫോണിൽ അശ്ലീലസന്ദേശം അയച്ചതിനെ ചൊല്ലിയാണു വനിത പോലീസുകാരി അഡീഷണൽ എസ്ഐയെ മർദിച്ചത്.
ഞായറാഴ്ച രാവിലെയായിരുന്നു കൈയാങ്കളി. ഏതാനും ദിവസങ്ങളായി സ്റ്റേഷനിൽ ഇതുസംബന്ധിച്ചുള്ള ചർച്ച സജീവമാണ്. കുറച്ചു ദിവസങ്ങൾക്കു മുന്പായിരുന്നു തർക്കങ്ങളുടെ തുടക്കം.
വനിത പോലീസുകാരിയുടെ വാട്ട്സ്ആപ്പിലേക്ക് അഡീഷണൽ എസ്ഐ അശ്ലീല സന്ദേശം അയയ്ക്കുകയായിരുന്നു.
ഇതേത്തുടർന്നു സ്റ്റേഷനിൽ എത്തിയ വനിത പോലീസുകാരി അഡീഷണൽ എസ്ഐയുമായി തർക്കമുണ്ടാകുകയും സഹപ്രവർത്തകർ ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിക്കുകയും ചെയ്തതാണ്.
ഞായാറഴ്ച ഇതേചൊല്ലി വീണ്ടും തർക്കമുണ്ടാകുകയും വനിത പോലീസുകാരി അഡീഷണൽ എസ്ഐയെ മർദിക്കുകയുമായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ പോലീസ് ചീഫ് ഡി. ശില്പ അന്വേഷണത്തിന് ഉത്തരവിട്ടു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്കു സമർപ്പിക്കും. തുടർന്ന് ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിയുണ്ടായേക്കും.