തിരുവനന്തപുരം: കെ റെയിൽ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുമെന്ന ആരോപണവും ശരിയല്ല.
പരിസ്ഥിതിയെ കൂടി കണക്കിലെടുത്താവും നിർമാണം. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനുള്ള പഠനം നടക്കുന്നു.
സിൽവർ ലെയിൻ കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. പദ്ധതി കാര്യത്തിൽ സർക്കാർ ഒന്നും മറച്ചുവെച്ചിട്ടില്ല. സിൽവർ ലെയിനിനേക്കാൾ മെച്ചപ്പെട്ട ബദൽ പദ്ധതി ഇല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
യോഗിക്കും മറുപടി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി നൽകി. യുപിയിലെ നേതാക്കൾ കേരളത്തിന്റെ നേട്ടങ്ങൾ അംഗീകരിച്ചിട്ടുണ്ട്.
യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ പരാമർശത്തിന് ആ രീതിയിൽ മറുപടി നൽകുന്നില്ല. ഒരു മുഖ്യമന്ത്രി രണ്ട് സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിനെതിരേ യോഗി ആദിത്യനാഥ് നടത്തിയ പരാമർശങ്ങൾക്കെതിരേ നേരത്തെയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.
കണ്ണൂരിനെ കലാപ ഭൂമിയാക്കാൻ ചിലർ ശ്രമിക്കുന്നു. കണ്ണൂരിൽ നടന്നത് അതിക്രൂരമായ കൊലപാതകമാണ്. കൊലപാതക സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്നും ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു.