കോട്ടയം: ജില്ലയിലെ വിവിധയിടങ്ങളിൽ കള്ളനോട്ടുകൾ വ്യാപകമാകുന്നു. പെട്രോൾ പന്പുകളിലും തട്ടുകടകളിലുമാണ് പലപ്പോഴും കള്ളനോട്ടുകൾ ലഭിക്കുന്നത്.
ഒന്നും രണ്ടും കള്ളനോട്ടുകൾ മാത്രം ലഭിക്കുന്നതിനാൽ പലരും പരാതിപ്പെടുന്നില്ല. നോട്ടുകൾ വ്യാജമാണെന്ന് തിരിച്ചറിയുന്ന നിമിഷം തന്നെ അവ നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്.
ഇന്നലെ രാത്രിയിൽ തെള്ളകത്തുള്ള തട്ടുകടയിൽ 200 രൂപയുടെ കള്ളനോട്ടുകൾ ലഭിച്ചതാണ് ഒടുവിലത്തെ സംഭവം. തട്ടുകടയിൽ ഭക്ഷണം കഴിച്ചശേഷം ആരോ നല്കിയതാണ് 200 ന്റെ വ്യാജ നോട്ട്. ആരാണ് നല്കിയതെന്ന് കാര്യം കടക്കാർക്കും വ്യക്തമല്ല.
ഒറിജിനൽ നോട്ട് പോലെ ദൃഢതയില്ലാത്ത ചെറിയ കളർ വ്യത്യാസം മാത്രമുള്ള നോട്ടാണ് കടയിൽ ലഭിച്ചത്. ഒറിജിനൽ നോട്ടിന്റെ രണ്ടു വശവും കളർ പ്രിന്റ് എടുത്ത് ചേർത്ത് ഒട്ടിച്ച നിലയിലയുള്ളതാണ് നോട്ട്.
ഏതാനും ദിവസങ്ങൾക്കു മുന്പ് ജില്ലയിലെ ഒരു പെട്രോൾ പന്പിലും രാത്രിയിൽ 500 രൂപയുടെ കള്ളനോട്ടുകൾ ലഭിച്ചിരുന്നു. ഈ രണ്ടു നോട്ടുകളും സമാനമായ രീതിയിലാണ് നിർമിച്ചിരിക്കുന്നതെന്നാണ് സൂചന.
ഏറെ നാളായി ജില്ലയിലെ വിവിധ ഇടങ്ങളിൽ കള്ളനോട്ടുകൾ വലിയ തോതിൽ ലഭിക്കുന്നുണ്ടൊന്ന് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.
2000, 500, 200, 100 കള്ളനോട്ടുകളാണ് പലസ്ഥലത്തും ലഭിക്കുന്നത്. ഒന്നും രണ്ടും ലഭിക്കുന്നതിനാൽ ആരും തന്നെ പരാതിപ്പെടാറില്ല. തന്നെയുമല്ല കുറഞ്ഞതു അഞ്ചു നോട്ടുകൾ ലഭിച്ചാൽ മാത്രമേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുകയുള്ളു.
കള്ളനോട്ടുകൾ നല്കുന്നവർ ഒന്നോ രണ്ടോ നോട്ടുകൾ മാത്രമേ ഒരേ സമയം നല്കാറുള്ളു.ഒട്ടുമിക്ക കടകളിലും ഗൂഗിൾ പേ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകൾ കൂടുതലായി നടക്കുന്നതിനാലാണ് തട്ടുകടകളും പെട്രോൾ പന്പുകളും കേന്ദ്രീകരിച്ചു കള്ളനോട്ടുകൾ മാറിയെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു.
തന്നെയുമല്ല തട്ടുകടകളിലും പെട്രോൾ പന്പുകളിലും മിക്കപ്പോഴും തിരക്കായിരിക്കും ഇതിനിടയിൽ നോട്ടുകൾ കൃത്യമായി പരിശോധിച്ചു വാങ്ങാൻ സാധിച്ചെന്ന് വരില്ലെന്നും രാത്രി സമയങ്ങളിലെ നോട്ടുകളിലെ കളർ വ്യത്യാസം തിരിച്ചറിയാതെ പോകുമെന്നും പോലീസ് പറയുന്നു.
ഒറിജിനൽ നോട്ടിന്റെ കളർ പ്രിന്റ് എടുത്ത് ഒട്ടിച്ച നോട്ടുകൾ ജില്ലയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ നോട്ടുകൾ കോട്ടയത്തോ സമീപ ജില്ലകളിലോ ആണ് നിർമിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം.
കളർ പ്രിന്റ് എടുക്കുന്നതിനാൽ നോട്ടുകളുടെ നന്പറുകൾ എല്ലാം ഒന്നായിരിക്കും. അതിനാൽ പല സ്ഥലങ്ങളിലും നിന്നും ലഭിച്ച നോട്ടുകൾ പോലീസ് പരിശോധിച്ചിരുന്നു.
അടുത്ത കാലത്ത് കള്ളനോട്ട് കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നശേഷം പുറത്തിറങ്ങിയവരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.