തൃശൂർ: കെപിഎസി ലളിത ജീവിതത്തിന്റെ അരങ്ങൊഴിയുന്പോൾ നാടകത്തിലൂടെ സജീവമായി വെള്ളിത്തിര കീഴടക്കിയ അതുല്യ അഭിനേത്രിയെയാണ് മല യാളിക്കു നഷ്ടമാകുന്നത്.
കാമുകിയായും അമ്മയായും അമ്മൂമ്മയായുമെല്ലാം വേഷപ്പകർച്ചകൾ നടത്തിയ അഭിനയ ജീവിതം 550ഓളം ചിത്രങ്ങളിലൂടെ അര നൂറ്റാണ്ടുകാലം മലയാള സിനിമയിൽ നിറഞ്ഞുനിന്നു.
ഏതു വേഷങ്ങൾ ചെയ്യുന്പോഴും അതിൽ തന്റേതായ ഒരു സിഗ്നേച്ചർ പതിപ്പിച്ച പ്രതിഭയായിരുന്നു അവ ർ.
ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബ്ബിന്റെ ബലി എന്ന നാടകത്തിലൂടെയായിരുന്നു ലളിതയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം.
1960ൽ ഗായികയായി കെ പിഎസിയിലെത്തിയ അവർ പിന്നീട് അഭിനയത്തിൽ തിളങ്ങി.
മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി. സ്വയംവരം, അനുഭവ ങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ നാടകങ്ങളിലൂടെ അഭിനയരംഗത്തു ചുവടുറപ്പിച്ച അവർ ഏറെ വൈകാതെ സിനിമയിലെത്തി.
1970ൽ കെപിഎസി നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായ കൂട്ടുകുടുംബത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം.
കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ നാടകത്തിലെ അതേ വേഷംതന്നെയായിരുന്നു ലളിതയ്ക്ക്.
സിനിമയിലെ ആദ്യകാലത്തു സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസുകളിൽ ഇടം പിടിച്ചു.
1978ലായിരുന്നു മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ഭരതനുമായുള്ള വിവാഹം.
പിന്നീട് കുറച്ചുവർഷങ്ങൾ ലളിത സിനിമയിൽ ഉണ്ടായിരുന്നില്ല. പിന്നീട് 1983ൽ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി.
സന്മനസുള്ളവർക്ക് സമാധാനം, പൊൻമുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും വെള്ളിത്തരയിൽ സജീവമായി.
അമ്മവേഷങ്ങളിൽ നർമം കലർത്തിയുള്ള വേഷങ്ങൾ കെപിഎസി ലളിതയെ മറ്റ് സ്വഭാവനടികളിൽ നിന്ന് വേറിട്ടുനിർത്തുന്നു.
സ്ഫടികം, ഗോഡ്ഫാദർ, അമരം തുടങ്ങി മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളായി പിൽക്കാലത്തു വിലയിരുത്തപ്പെട്ട ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങളിൽ കെപിഎസി ലളിത തി ളങ്ങി.
1998ൽ ഭർത്താവ് ഭരതൻ മരിച്ചപ്പോഴും കുറച്ചുകാലം സിനിമയിൽനിന്നു വിട്ടുനിന്ന ലളിതച്ചേച്ചി തൊട്ടടുത്ത വർഷം വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി.
ശാന്തം, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, അലൈ പായുതെ തുടങ്ങിയ ചിത്രങ്ങൾ പിന്നീടു വന്നു.
തന്നെ താനാക്കിയ നാടക രംഗത്തിനു വേണ്ടിത്തന്നെയായിരുന്നു അവസാനകാലത്ത് ലളിതചേച്ചി പ്രവർത്തിച്ചിരുന്നത്.
അന്താരാഷ്ട്ര നാടകോത്സവം ഉൾപ്പെടെയുള്ള മേളകളിൽ കേരള ലളിതകലാ അക്കാദമി ചെയർപേഴ്സണ് എന്ന നിലയിൽ അവർ സജീവമായിരുന്നു.
അജിൽ നാരായണൻ