കാസർഗോഡ്: സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
കാസർഗോഡ് ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണിയെയാണ് സർവീസിൽനിന്നു സസ്പെൻഡ് ചെയ്തത്.
സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനും ജില്ലാതലത്തിൽ രൂപീകരിച്ച ഇന്റേണൽ കംപ്ലയിന്റ് അഥോറിറ്റി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിനോദസഞ്ചാരവകുപ്പ് ഡയറക്ടർ സർക്കാരിലേക്ക് നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് സസ്പെൻഷൻ.
വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു പരാതി നൽകിയത്.
ഇടുക്കി ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ ഇയാൾക്കെതിരേ സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നതിനാൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ സൂക്ഷ്മത പാലിക്കാൻ നിർദേശം നൽകുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
വീണ്ടും സ്വഭാവദൂഷ്യം കാണിച്ചത് ഗുരുതരമായ സർവീസ് ലംഘനമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.