കൊച്ചി: നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് ഉള്‍പ്പെടെയുള്ളവര്‍ പോക്സോ കേസില്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജികളില്‍ ഇരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം.
മൊഴിയില്‍ പ്രതികള്‍ക്കെതിരേ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് വാക്കാല്‍ വ്യക്തമാക്കിയാണ് ജസ്റ്റീസ് പി. ഗോപിനാഥിന്റെ ഉത്തരവ്.
തുടര്‍ന്ന് ഹര്‍ജികള്‍ 24ലേക്കു മാറ്റി. റോയ് വയലാട്ട്, ബിസിനസ് കണ്‍സള്‍ട്ടന്റ് അഞ്ജലി റീമദേവ്, സൈജു എം. തങ്കച്ചന് എന്നിവര്‍ നല്കിയ മുന്കൂര്ജാമ്യഹര്ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
രണ്ടാം പ്രതി സൈജു തങ്കച്ചനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇയാളില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. മൂന്നാം പ്രതിയായ കോഴിക്കോട് സ്വദേശി അഞ്ജലി ഇപ്പോഴും ഒളിവിലാണ്.
ഇവരെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചതായാണ് അറിയുന്നത്.
പരാതിക്കാരിയെ പ്രതികള്‍ കൊണ്ടുപോയി എന്നു പറയുന്ന സ്ഥലങ്ങളില്‍ നിന്നുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
2021 ഒക്ടോബര്‍ 20-ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുളള നമ്പര്‍ 18 ഹോട്ടലിലെത്തിയ യുവതിയെയും മകളെയും റോയി ലൈംഗികാമായി ദുരുപയോഗം ചെയ്തുവെന്നാണ് കേസ്.
റോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ രണ്ടാംപ്രതി സൈജു തങ്കച്ചനും മൂന്നാം പ്രതി അഞ്ജലിയും മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്.
കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17കാരി മകളുമാണ് പരാതിക്കാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ടുകൊച്ചി പോലീസ് മൂന്നുപേര്‍ക്കുമെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.