അഞ്ചല്‍: ഓയില്‍പാം എസ്റ്റേറ്റില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ വെടിവച്ചുകൊന്നു ഇറച്ചി കടത്തി.
കുളത്തുപ്പുഴ പഞ്ചായത്തിലെ പതിനൊന്നാംമൈല്‍ വാര്‍ഡില്‍ കമ്പംകോട് അഭിലാഷ് ഭവനില്‍ സജി എന്നയാളുടെ നാലുമാസം ഗര്‍ഭിണിയായ പശുവിനെയാണ് സാമൂഹിക വിരുദ്ധര്‍ വെടിവച്ചു കൊന്ന ശേഷം ഇറച്ചി കടത്തിയത്.
സംഭവത്തിന് പിന്നില്‍ ഓയില്‍പാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൃഗ വേട്ട സംഘമാണ് എന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെ ഓയില്‍പാം എസ്റ്റേറ്റില്‍ വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഉപേക്ഷിക്കപ്പെട്ട പശുവിന്റെ തലയും ഉടലും കണ്ടെത്തി.
തുടര്‍ന്ന് സജി പോലീസില്‍ പരാതി നല്കി. സ്ഥലത്ത് എത്തിയ ഏരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓയില്‍പാം ഏരൂര്‍ എസ്റ്റേറ്റ് കേന്ദ്രീകരിച്ചു കാട്ടുപന്നി, മയില്‍ അടക്കം വന്യമൃഗ വേട്ട സംഘം സജീവമാണ്.
ഇത്തരത്തില്‍ വേട്ടയ്ക്ക് എത്തുന്ന സംഘം വന്യമൃഗങ്ങളെ കിട്ടാതെ വരുമ്പോള്‍ ഇവിടെ മേയാന്‍ വിടുന്ന കന്നുകാലികള്‍ അടക്കമുള്ളവയെ വെടിവച്ചും അല്ലാതെയും കടത്തുകയാണ് ഇവരുടെ രീതി.
ഓയില്‍പാം എസ്റ്റേറ്റില്‍ എത്തിയ വിദ്യാര്‍ഥിയടക്കം നിരവധി ആളുകള്‍ക്ക് പന്നിപ്പടക്കം പൊട്ടി പരിക്കേറ്റിരുന്നു.
സാമൂഹിക വിരുദ്ധ ശല്യവും മൃഗവേട്ടയും തകൃതിയായി നടക്കുമ്പോള്‍ പോലീസ്, വനം വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.
ഓയില്‍പാം അധികൃതരും ആവശ്യമായ സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.
ഓയില്‍പാം എസ്റ്റേറ്റ് കേന്ദ്രീകരിച്ചു രാത്രികാലങ്ങളില്‍ പോലീസ്, വനം വകുപ്പ് അധികൃതര്‍ പെട്രോളിംഗ് ശക്തമാക്കണം എന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.