തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെണ്‍മക്കൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ അച്ഛന് 21.5 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും.
കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇളയ സഹോദരിയുടെ മൊഴി പ്രകാരമെടുത്ത ആദ്യ കേസിലാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സണ് എം. ജോസഫ് ശിക്ഷ വിധിച്ചത്.
പിഴ അടയ്ക്കാത്തപക്ഷം എട്ടുമാസംകൂടി തടവ് അനുഭവിക്കണം.
2020 ജൂണ്‍ 19ന് കുട്ടികളുടെ ഓണ്‍ലൈൻ പഠനം മുടക്കുന്നതായും മകൻ തന്നെ ശാരീരികമായി ആക്രമിക്കുന്നതായും കാട്ടി കുട്ടികളുടെ മുത്തശ്ശിയാണ് വനിതാ സംരക്ഷണ ഓഫീസർക്ക് പരാതി നല്‍കിയത്.
പിന്നാലെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് പരാതി കൈമാറി.
ഇവരുടെ കൗണ്‍സിലിംഗിലാണ് പീഢനവിവരം പുറത്തുവരുന്നത്. പിന്നാലെ കാളിയാർ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടികളെ അമ്മ ഉപേക്ഷിച്ച് പോയതാണ്. മുത്തശ്ശിയും കുട്ടികളുമൊത്ത് വീട്ടിൽ താമസിക്കവെയാണ് കേസിനാസ്പദമായ സംഭവം.
സ്ഥിരം മദ്യപാനിയായ അച്ഛൻ കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇളയ പെണ്‍കുട്ടിയെ ഒരുവർഷത്തോളമായി ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നതായും കണ്ടെത്തി.
12 വയസിൽ താഴെയുള്ള കുട്ടികൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് ആറുവർഷം കഠിന തടവും 25,000 പിഴയും ആവർത്തിച്ചുള്ള കുറ്റകൃത്യത്തിനും പ്രതി രക്ഷാകർത്താവായതിനാലും ഇരു വകുപ്പുകളിലുമായി ആറുവർഷം വീതം ശിക്ഷയും 25,000 വീതം പിഴയും ശിക്ഷയായി വിധിച്ചു.
ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് മൂന്നുവർഷം കഠിനതടവും പതിനായിരം രൂപ പിഴയുമുണ്ട്.
ജെജെ ആക്ട് പ്രകാരം പ്രതി അച്ഛനായതിനാൽ ആറുമാസം തടവും 15,000 രൂപ പിഴയുമുണ്ട്.
ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. ജില്ലാ ലീഗൽ അഥോറിറ്റി രണ്ടുലക്ഷം രൂപ കുട്ടികൾക്ക് നൽകാനും വിധിയിൽ നിർദേശമുണ്ട്.
കേസിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ കോടതി പരിശോധിക്കുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി. കുട്ടിയുടെ സഹോദരിയുടെ പരാതിയിൻമേലുള്ള കേസിൽ മാർച്ച് 21ന് വിസ്താരം ആരംഭിക്കും.