മേലൂർ: “വിശ്വസ്തനായ’ കറവക്കാരൻ മോഷ്ടിച്ച പശുവിനെ കണ്ടെത്തി ഉടമസ്ഥയ്ക്കു തിരിച്ചുനൽകി പോലീസ്.
മേലൂർ പഞ്ചായത്തിലെ പാലപ്പിള്ളിയിൽ ഒറ്റയ്ക്കു താമസിച്ചുവരുന്ന പേരുക്കുടി വീട്ടിൽ വനസ്പതി (65) പരിപാലിച്ചുപോന്നിരുന്ന ആട്, കോഴി, പശു, എരുമ തുടങ്ങിയവയിൽ ഒന്പതു മാസം ചെനയുള്ള പശുവിനെയാണ് കഴിഞ്ഞ 15 ന് രാത്രിയിൽ തൊഴുത്തിൽനിന്നും മോഷ്ടിച്ചത്.
രാവിലെ പശു ഇല്ലെന്നറിഞ്ഞതോടെ നാട്ടുകാർ ചേർന്നു പ്രദേശത്തെല്ലാം പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
സോഷ്യൽമീഡിയയിൽ ചിത്രം നല്കി അന്വേഷിക്കുകയും കൊരട്ടി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
പോലീസ് അന്വേഷണം ശക്തമാക്കി സമീപപ്രദേശങ്ങളിലെ നിരവധി സിസിടിവികൾ പരിശോധിച്ചു.
നാട്ടുകാരിൽനിന്നു വിവരശേഖരണവും നടത്തി. പെരുന്പാവൂരിലുള്ള ഒരാൾക്കു പശുവിനെ വിറ്റതായി കണ്ടെത്തുന്പോൾ പശു പ്രസവിച്ച് ഒരു കിടാവും ഒപ്പം ഉണ്ടായിരുന്നു.
ഇളഞ്ചേരി മേഖലയിൽ ഒരാൾ പശുവിനെ കൊണ്ടുപോകുന്നതു കണ്ട ഒരു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, പാലപ്പിള്ളിയിലെ വിവിധ വീടുകളിൽ പശുകളുടെ കറവയ്ക്കായി വന്നിരുന്ന തമിഴ്നാട് സ്വദേശി മൂർത്തിയാണ് പ്രതിയെന്നു കണ്ടെത്തുകയായിരുന്നു.
പാലിശേരി മേഖലയിലെ സിസി ടിവിയിലാണ് മൂർത്തിയുടെ ദൃശ്യം പതിഞ്ഞത്.
പശുവിനെ വാഹനത്തിൽ കയറ്റി പെരുന്പാവൂരിലെത്തിച്ചു 48,000 രൂപയ്ക്കു വില്ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചവരെ മൂർത്തി കറവയ്ക്ക് എല്ലായിടത്തും പോയിരുന്നുവെന്നു നാട്ടുകാർ പറയുന്നു.
നാലു വർഷത്തോളം കറവക്കാരനായി ജോലി ചെയ്യുന്ന മൂർത്തിയെ സംശയമുണ്ടോയെന്നു ചോദിച്ചപ്പോൾ, “ഇല്ല, മകനെപ്പോലെയാണെ’ന്നായിരുന്നു വനസ്പതിയുടെ മറുപടി.
മൂർത്തിയെ ചോദ്യം ചെയ്യുകയും കോൾ ലിസ്റ്റ് പരിശോധിക്കുകയും ചെയ്തതിൽ പെരുന്പാവൂർ സ്വദേശിയായ ഹൈദ്രോസിനെ ബന്ധപ്പെട്ടതായി വിവരം ലഭിച്ചിരുന്നു.
അന്വേഷണം തനിക്കു നേരെയാണെന്നു മനസിലാക്കിയ മൂർത്തിയും കുടുംബവും ഒളിവിലാണ്. ഉടൻതന്നെ മോഷ്ടാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നു കൊരട്ടി പോലീസ് എസ്എച്ച്ഒ ബി.കെ. അരുണ് പറഞ്ഞു.
നിയമ പ്രകാരം പാലപ്പിള്ളിയിലെ വനസ്പതിയുടെ വീട്ടിലെത്തിച്ച് പശുവിനേയും കിടാരിയേയും കൈമാറി.
നിറവയറുമായി പോയ പശു പ്രസവിച്ച് കിടാവുമായി തിരികെ വീട്ടിലെത്തിയപ്പോൾ നെറുകയിൽ സ്നേഹത്തോടെ മുത്തം നൽകിയാണ് വനസ്പതിയമ്മ സ്വീകരിച്ചത്.
എസ്ഐ ഷാജു എടത്താടൻ, എഎസ്ഐ ടി.എ. ജെയ്സൻ, ജൂണിയർ എസ്ഐ സി.എൻ. എബിൻ, സീനിയർ സിപിഒ. രഞ്ജിത്ത്, പി.ആർ. ഷെഫീഖ്, ടി.ആർ. മനോജ്, സതീഷ് കുമാർ, ജിബിൻ വർഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പോലീസിന് അനുമോദനം
മേലൂർ: മോഷണം പോയ പശുവിനെ കണ്ടെത്തി ഉടമസ്ഥയ്ക്കു കൈമാറിയ കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുണിനെയും അന്വേഷണ സംഘത്തെയും പാലപ്പിള്ളി ജംഗ്ഷനിൽ മേലൂർ മണ്ഡലം കോണ്ഗ്രസ് 138-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
പ്രസിഡന്റ് ലിൻസൻ ആന്റണി, സെക്രട്ടറി പി.എൻ. സെബാസ്റ്റ്യൻ, വർഗീസ് മേച്ചേരി, കെ.എസ്. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
മുൻ എംഎൽഎ എ.കെ. ചന്ദ്രൻ ഉൾപ്പെടെയുള്ളവർ കൊരട്ടി പോലീസിനെ അനുമോദിച്ചു.