പുതുക്കാട് : എടിഎം കവർച്ചക്കേസിൽ പ്രതികൾ പിടിയിലായതോടെ എടിഎമ്മുകളിലെ വലിയ സുരക്ഷാവീഴ്ച കൂടിയാണ് പുറത്തായത്.
കഴിഞ്ഞ ജനുവരി 23ന് പുലർച്ചെയാണ് പുതുക്കാട് ദേശീയപാതയോരത്തെ എസ്ബിഐ എടിഎമ്മിൽനിന്ന് 1,27,500 രൂപ മോഷണം പോയത്.
സംഭവം നടന്ന് ഒരുമാസത്തോളമെത്തിയപ്പോഴാണ് ബാങ്ക് സംഭവം അറിഞ്ഞത്.
ഈമാസം16നു പുതുക്കാട് പോലീസ് കേസെടുത്തു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഉൗർജിതമാക്കിയതോടെ ഒരാഴ്ചയ്ക്കുള്ളിലാണ് പ്രതികൾ വലയിലായത്.
രാജ്യത്തു പലയിടങ്ങളിൽ എടിഎം മോഷണം നടത്തിയിട്ടുള്ള പ്രതികൾ ആദ്യമായി പിടിയിലായതു പുതുക്കാട് പോലീസിന്റെ വലയിലാണ് എന്നതും അന്വേഷണ സംഘത്തിന് അഭിമാനകരമായി.
ഒപ്പംതന്നെ ബാങ്കുകളിലെ സാങ്കേതിക വിദഗ്ധർക്കുപോലും കണ്ടെത്താനാകാത്ത സുരക്ഷാവീഴ്ച കൂടി പ്രതികളുടെ അറസ്റ്റോടെ പുറത്തുവന്നു.
അക്കൗണ്ടുകളിൽനിന്ന് പണം നഷ്ടപ്പെട്ടതായി പരാതി രജിസ്റ്റർ ചെയ്താൽ കൂടുതൽ അന്വേഷണങ്ങളില്ലാതെ ഇതു മടക്കിനൽകുന്ന രീതിയാണ് ബാങ്കുകൾ പിൻതുടരുന്നത്.
ഇതു തട്ടിപ്പുകാർ മുതലാക്കുന്നതു ബാങ്ക് പലപ്പോഴും തിരിച്ചറിയുന്നില്ല. എടിഎമ്മുകളിലെ മെഷീനുകളുടെ കാലാവധി പരമാവധി ഏഴു വർഷമാണ്.
എന്നാൽ പലയിടത്തും കാലാവധി കഴിഞ്ഞിട്ടും മെഷീനുകൾ മാറ്റിയിട്ടില്ല. ഇത്തരം മെഷീനുകൾക്കു പരമാവധി മൂന്നു ചാവികൾ വരെയാണ് ഉണ്ടാവുക.
ഇവ നേരിട്ടു കൈകാര്യം ചെയ്യേണ്ട ആളുകൾമാത്രം കൈവശം വയ്ക്കുന്ന ചാവി തട്ടിപ്പുനടത്തിയ പ്രതികൾക്ക് എവിടെനിന്നു കിട്ടി എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.
ദേശീയപാതയിലെ എടിഎമ്മുകളിൽ സുരക്ഷാ ജീവനക്കാരില്ലാത്തതും കവർച്ചക്കാർക്കു കാര്യങ്ങൾ എളുപ്പമാക്കുന്നതായി പോലീസ് പറയുന്നു.
ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷ്, പുതുക്കാട് എസ്എച്ച്ഒ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്ഐമാരായ സിദ്ധീഖ് അബ്ദുൾ ഖാദർ, രാമചന്ദ്രൻ,പോൾ,
എഎസ് ഐ പ്രസന്നൻ, എസ്സിപിഒ പി.എം. ദിനേഷ്, സിപിഒമാരായ ശ്രീജിത്ത്, ആൻസൻ, സജീവ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.