തിരുവനന്തപുരം : വൻതുക കമ്മീഷൻ കൈപ്പറ്റി എസ്ബിഐയുടെ വെള്ളയമ്പലം ബ്രാഞ്ചിൽ വ്യാജരേഖകള്‍ ഹാജരാക്കി ഒരു കോടിയോളം രൂപയുടെ എക്സ്പ്രസ് ക്രെഡിറ്റ് ലോണുകള്‍ എടുത്തു തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി.
എസ്ബിഐ ലൈഫ് ഇൻഷ്വറൻസിലെ ബിസിനസ് ഡെവലപ്മെന്റ് മാനേജരായ കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിനു സമീപം താമസം ശ്രീകാന്ത് (46) ആണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്.
നിലവിലില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വ്യാജ സാലറി സർട്ടിഫിക്കറ്റുകളും ഐഡി കാർഡുകളും ഉൾപ്പെടെ നിരവധി വ്യാജരേഖകൾ നിർമിച്ച് ഹാജരാക്കിയാണ് ഒരു കോടിയോളം രൂപയുടെ ലോണുകൾ എടുത്തിട്ടുള്ളത്.
ഇത്തരത്തിൽ നിരവധി ലോണുകൾ വ്യാജരേഖകൾ ഹാജരാക്കി വിവിധ ബാങ്കിൽ നിന്നും പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം എടുത്തിട്ടുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
ലോൺ ഒന്നിന് ഒരു ലക്ഷം രൂപ കമ്മീഷന് ഇനത്തില്‍ കൈപ്പറ്റിയാണ് പ്രതികൾ ഇടനിലക്കാരായി നിന്ന് ലോണെടുത്ത് നൽകുന്നത്.
മ്യൂസിയം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ധര്‍മജിത്ത്, എസ്ഐമാരായ ബിജുകുമാർ, അജിത്കുമാർ, ജയശങ്കർ എ.എസ്.ഐമാരായ രാജേഷ് കുമാർ, സന്തോഷ്കുമാർ, എസ്സിപിഒ ഷിബു, സിപിഒ മാരായ അജിത്കുമാർ, ബിനോയ്, വിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ സംഘത്തിലെ മറ്റ് പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.