തിരുവനന്തപുരം: നിരോധിത പുകയില ഉൽപ്പന്നങ്ങൾ മൊത്തവില്പന നടത്തിവന്ന ഗോഡൗണിൽ നിന്നും അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടി.
സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസ് ടീമിന്റെയും ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സിന്റെയും പൂന്തുറ പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
ബീമാപള്ളിക്ക് സമീപത്തെ വീട്ടിലെ ഗോഡൗണ്‍ നടത്തിപ്പുകാരനായ ബീമാപള്ളി മാമൂട്ടു വിളാകം അൽ അമീൻ (25)-നെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.
സിറ്റി പോലീസ് നടത്തി വരുന്ന നർക്കോട്ടിക് സ്പെഷ്ൽ ഡ്രൈവിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്നും കടത്തിക്കൊണ്ടു വന്ന് നഗരത്തിലെ കടകൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വൻതോതിൽ മൊത്തവിൽപന നടത്തിവന്ന കേന്ദ്രത്തെക്കുറിച്ച് നർക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.