സ്വന്തം ലേഖകൻ
തൃശൂർ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യം ഏറ്റവും വേഗത്തിലും അതീവ വൈദഗ്ധ്യത്തോടെയും അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് മികവു തെളിയിച്ച് തൃശൂർ സിറ്റി മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ.
വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണെന്നുള്ള വിവരം മറച്ചുവച്ച്, വിവാഹവാഗ്ദാനം നൽകി, യുവതിയെ പീഡിപ്പിച്ച കേസിൽ എറണാകുളം പോത്താനിക്കാട് വയൽപറന്പിൽ ഷൈജുവിനെ(39) ഇക്കഴിഞ്ഞ ഏഴിനാണ് അറസ്റ്റ് ചെയ്തത്.
തൃശൂർ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.പി. ജോയ്, അസി. സബ് ഇൻസ്പെക്ടർ കെ.ബി. അംബിക, സിവിൽ പോലീസ് ഓഫീസർമാരായ എം.എ. റിയാസുദീൻ, എം.കെ. പ്രകാശൻ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റുചെയ്തത്.
കേസ് രജിസ്റ്റർ ചെയ്ത് 12 ദിവസത്തിനകം പരാതിക്കാരിയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട്, പ്രതിയുടെ പൊട്ടൻസി ടെസ്റ്റ്, പ്രതി മുൻപ് വിവാഹം കഴിച്ചതിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കുറ്റകൃത്യം നടന്ന സംഭവ സ്ഥലത്തിന്റെ മഹസർ തുടങ്ങിയ രേഖകൾ ശേഖരിച്ചും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കി.
12 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതോടെ ഇയാൾക്കു ജാമ്യം ലഭിക്കാനുള്ള സാധ്യത കുറഞ്ഞു.
സ്ത്രീകൾക്കെതിരായ അതീവ ഗൗരവകരമായ കുറ്റകൃത്യത്തിൽ പ്രതിയെ അറസ്റ്റുചെയ്യുകയും ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച്, അതിവിദഗ്ധ അന്വേഷണം പൂർത്തിയാക്കി, 12 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിച്ച ഉദ്യോഗസ്ഥരെ കമ്മീഷണർ ആർ. ആദി ത്യ അഭിനന്ദിച്ചു.