കൊച്ചി: എറണാകുളം ലോകസഭാ മണ്ഡലത്തിലെ ഡയാലിസിസ് രോഗികള്‍ക്കുവേണ്ടി ഹൈബി ഈഡന് എംപി ഡയാലിസിസ് ചലഞ്ച് സംഘടിപ്പിക്കുന്നു.
വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 750 രൂപ മുടക്കിയാല്‍ ഒരു ഡയാലിസിസ് സ്പോണ്സര് ചെയ്യാം.
ഈ നിരക്കില്‍ ഡയാലിസിസ് ചെയ്തുനല്കുന്ന എല്ലാ ഹോസ്പിറ്റലുകളുമായും സഹകരിക്കും. ചലഞ്ചിലൂടെ പരമാവധി തുക കണ്ടെത്താനാണ് ശ്രമമെന്ന് ഹൈബി ഈഡന് എംപി പറഞ്ഞു.
മാര്‍ച്ച് 15 മുതല്‍ എംപി ഓഫീസില്‍ ഡയാലിസിസ് രോഗികള്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ അപേക്ഷിക്കാം. ഒരോ രോഗിക്കും നിശ്ചിത എണ്ണം ഡയാലിസിസ് സൗജന്യമായി നല്‍കും.
എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ അക്കൗ ണ്ടിലേക്കാണ് സ്പോണ്സര് ചെയ്യുന്ന തുക എത്തുന്നത്. മുന്‍ ഡിഎംഒ ഡോ. ജുനൈദ് റഹ്മാന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അപേക്ഷകളിന്മേല് വിശദമായ പരിശോധന നടത്തും.
പത്ത് ഡയാലിസിനുള്ള തുക എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ രക്ഷാധികാരികൂടിയായ വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനു കൈമാറി ഹൈബി ഈഡന് എംപി പദ്ധതി ഉദ്ഘാടനം ചെയ്തു.
ഏറെ സുതാര്യമായ രീതിയില്‍ പദ്ധതി നടപ്പിലാക്കാനാണ് 1962 മുതല്‍ സാമൂഹ്യസേവന രംഗത്തെ സജീവ സാന്നിദ്ധ്യമായ ഇഎസ്എസ്എസിനു തന്നെ നടത്തിപ്പു ചുമതല നല്കുവാന് തീരുമാനിച്ചതെന്ന് എംപി പറഞ്ഞു.
ഇഎസ്എസ്എസ് ഡയറക്ടര്‍ ഫാ. മാര്ട്ടിന് അഴിക്കകത്തിന്റെ നേതൃത്വത്തിലായിരിക്കും പദ്ധതിയുടെ നടത്തിപ്പ്.പദ്ധതിക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എറണാകുളം നോര്‍ത്ത് ബ്രാഞ്ചില്‍ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പേരില്‍ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
വിദേശത്തുനിന്നു സംഭാവനകൾ അയയ്ക്കുന്നവര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡല്‍ഹി മെയിന്‍ ബ്രാഞ്ചിലുള്ള ഇഎസ്എസിന്റെ എഫ്സിആര്‍എ അക്കൗണ്ടിലേക്കും പണം അയയ്ക്കാം. കൂടാതെ യുപിഐ ക്യുആര്‍ കോഡും തയാറാക്കിയിട്ടുണ്ട്.
എല്ലാവരും പരമാവധി ഡയാലിസിസുകള്‍ സ്പോണ്സര് ചെയ്യണമെന്ന് ഹൈബി ഈഡന് എംപി അഭ്യര്‍ഥിച്ചു.