തൊടുപുഴ: റോഡരികിൽ നിർത്തിയിട്ട നാഷണൽ പെർമിറ്റ് ലോറിയുടെ ചക്രങ്ങൾ ഉൾപ്പെടെ മോഷണം പോകുന്നതായി പരാതി.
വെങ്ങല്ലൂർ – മങ്ങാട്ടുകവല നാലുവരി പാതയിൽ പാർക്കു ചെയ്തിരിക്കുന്ന ശ്രീപാർവതിയെന്ന ലോറിയിലാണ് തുടർച്ചയായി മോഷണങ്ങൾ നടന്നത്.
ആദ്യം നടന്ന മോഷണത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വീണ്ടും രണ്ടുതവണകൂടി മോഷ്ടാക്കളെത്തി സ്റ്റിയറിംഗ് ഉൾപ്പെടെയുള്ളവ കടത്തിയത്.
തൊടുപുഴ വെങ്ങല്ലൂർ ചേറാടിയിൽ പരേതനായ ഡി. സുരേഷിന്റെ വാഹനമാണ് ഇരുളിന്റെ മറവിൽ മോഷ്ടാക്കൾ പൊളിച്ചുകൊണ്ടു പോകുന്നത്.
വാഹനത്തിൽനിന്നും മൂന്നര ലക്ഷം രൂപയുടെ ഉപകരണങ്ങൾ ഇതിനോടകം മോഷണം പോയെന്നാണ് കണക്ക്.
വാഹന ഉടമയുടെ മരണത്തിനുശേഷം കടക്കെണിയിലായ കുടുംബം സംഭവത്തിൽ മൂന്നാംതവണയും പോലീസിൽ പരാതി നൽകി.
ലോറി സർവീസ് നടത്തിയിരുന്ന സുരേഷിന് വർഷങ്ങൾക്കുമുന്പ് 12 ഓളം ലോറികളുണ്ടായിരുന്നു.
എന്നാൽ സാന്പത്തികമായി തകർന്നതോടെ 2014ൽ വാങ്ങിയ ഒരു ലോറി മാത്രമാണുണ്ടായിരുന്നത്.
ഇത് ഡ്രൈവർമാരെ വച്ചാണ് ഓടിച്ചിരുന്നത്. ഇതിനിടെ സുരേഷിന് കിഡ്നി സംബന്ധമായ രോഗം ബാധിച്ചു.
രണ്ടുവർഷമായി ആഴ്ചയിൽ രണ്ടുവീതം ഡയാലിസിസ് നടത്തിവരികയായിരുന്നു. ഇതോടെ ആകെ ഉണ്ടായിരുന്ന കിടപ്പാടം വിറ്റ് വാടക വീട്ടിലേക്ക് മാറേണ്ടിവന്നു.
ആകെയുള്ള ലോറിയിൽനിന്നുള്ള വരുമാനം മാത്രമാണ് ഉണ്ടായിരുന്നത്.
നാലുമാസം മുന്പ് രോഗം കലശലായതോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഉടമ ആശുപത്രിയിലായതോടെ ഡ്രൈവർമാരെ സംഘടിപ്പിച്ച് വാഹനം ഓടിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തടസപ്പെട്ടു.
ഇതേത്തുടർന്ന് വാഹനം നാലുവരി പാതയിൽ നിർത്തിയിടുകയായിരുന്നു. ഇതിനിടെ രോഗം മൂർച്ഛിച്ച് സുരേഷ് മരിച്ചു.
സുരേഷിന് ഭാര്യയും വിദ്യാർഥികളായ രണ്ട് പെണ്മക്കളുമാണുള്ളത്. വാഹനം പിന്നീട് ഓടിച്ചിട്ടില്ല.
വാഹനം വാങ്ങിയ വകയിൽ അഞ്ചുലക്ഷത്തിലധികം രൂപയുടെ സാന്പത്തിക ബാധ്യതകൂടി ഉണ്ടായിരുന്നു.
വാഹനം വിൽക്കുന്നതിനും ഫൈനാൻസ് സ്ഥാപനത്തിന് നൽകുന്നതിനുമുള്ള നടപടികൾ നടന്നുവരികയായിരുന്നു.
ഒരുമാസം മുന്പ് ബാറ്ററി, പന്പ് ഉൾപ്പെടെയുള്ളവയാണ് ആദ്യം മോഷണംപോയത്. ഇതേക്കുറിച്ച് അന്നുതന്നെ തൊടുപുഴ പോലീസിൽ പരാതി നൽകി.
ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച മുൻചക്രം, പടുത, മറ്റുപകരണങ്ങൾ എന്നിവയും നഷ്ടപ്പെട്ടു.
ഇതേക്കുറിച്ച് ഞായറാഴ്ച സ്റ്റേഷനിലെത്തി പരാതി നൽകി. ചൊവ്വാഴ്ച വീണ്ടും വാഹനത്തിന് സമീപമെത്തി പരിശോധിച്ചപ്പോൾ മൂന്നാമതും മോഷണം നടന്നതായി കണ്ടു.
ഇത്തവണ പിന്നിലെ നാലു ചക്രവും മുന്നിലെ ഒന്നും മോഷ്ടാക്കൾ കവർന്നു. ഇതിനുപുറമേ സ്റ്റിയറിംഗ്, ഇസിഎം, മീറ്റർ ബോർഡ് ഉൾപ്പെടെയുള്ളവയും അഴിച്ചുകൊണ്ടുപോയി.
അഴിച്ചെടുത്ത ചക്രങ്ങൾക്ക് പകരം ഉപയോഗ ശൂന്യമായ പഴയ ചക്രങ്ങളാണ് മോഷ്ടാക്കൾ വാഹനത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
ഇതോടെ ഇന്നലെ സുരേഷിന്റെ ഭാര്യ സ്റ്റേഷനിലെത്തി മൊഴി നൽകിയതിനെത്തുടർന്ന് പോലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു.