അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.
പോലീസിനെതിരേ മാതാപിതാക്കൾ കോടതിയെ സമീപിക്കാനൊരുങ്ങവേയാണ് ഈ സംഭവത്തിൽ അന്പലപ്പുഴ പോലീസ് കേസെടുത്തത്.
ആശുപത്രിയിൽ പതിമൂന്നുകാരിയുടെ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ പരാതിയിൽ കേസെടുക്കാൻ അന്പലപ്പുഴ പോലീസ് അനാസ്ഥ കാണിക്കുന്നതായി കുടുംബം ആക്ഷേപം ഉന്നയിച്ചിരുന്നു.
രണ്ടാഴ്ച മുൻപാണ് പതിമൂന്നുകാരിയെ സുരക്ഷാ ജീവനക്കാർ മർദിച്ചതായി പരാതി ഉയർന്നത്. എന്നാൽ ജീവനക്കാർ മർദനത്തെ പ്രതിരോധിച്ച ഭാഗം മാത്രം വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെരെയാണ് ബന്ധുക്കൾ അന്പലപ്പുഴ പോലീസിൽ കഴിഞ്ഞ 15ന് പരാതി നൽകിയത്.
പരാതി സ്വീകരിച്ച് രസീത് നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ തയാറായില്ല.ആശുപത്രി പൊതുസ്ഥലമാണന്നും ഇവിടെ ആർക്കും വീഡിയോ പകർത്തുകയും പ്രചരിപ്പിക്കാമെന്നും അതിനാൽ ഇത്തരത്തിലുള്ള പരാതിയിൻമേൽ നടപടി എടുക്കാൻ കഴിയില്ലെന്നും അന്പലപ്പുഴ പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞുവെന്നും അതിനാൽ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും മാതാപിതാക്കൾ പറഞ്ഞിരുന്നു.
തുടർന്നാണ് ഇന്നലെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.പെണ്‍കുട്ടിയുടെ വീഡിയോ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് എയ്ഡ് പോസ്റ്റ് പോലീസാണെന്നാണ് രക്ഷാകർത്താക്കൾ പറയുന്നത്.