തലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ (54)നെ വെട്ടി കൊലപ്പെടുത്തിയ കേസന്വേഷണത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്.
ഹരിദാസനെ വളഞ്ഞിട്ട് അക്രമിക്കുന്നതിനിടയിൽ ഇടതുകാൽ വെട്ടിമാറ്റിയത് “സൈലന്റ് കില്ലർ’ എന്നറിയപ്പെടുന്നയാളാണെന്നാണ് സൂചന.
നിരവധി ഓപ്പറേഷനുകളിൽ പങ്കെടുക്കുകയും ഇതുവരെ പിടിക്കപ്പെടാത്തവനുമായ നാൽപ്പത്തിയഞ്ചുകാരനാണ് ഹരിദാസനെ കൊലപ്പെടുത്തിയ സംഘത്തിലെ സൈലന്റ് കില്ലറെന്നാണ് അന്വഷണ സംഘത്തിന്റെ നിഗമനം.
സൈലന്റ് കില്ലർ ഒളിവിൽ
ഹരിദാസനെ വക വരുത്തുന്നതിനായി ഒരു തെങ്ങു കയറ്റ തൊഴിലാളിയോട് അയാളുടെ പണിയായുധം നിശബ്ദ കൊലയാളി ചോദിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഒളിവിൽ പോയിട്ടുള്ള ഇയാളുടെ വീടും കുടുംബാംഗങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഇന്ന് പുലർച്ചെ നാല് വരെ സംശയത്തിന്റെ നിഴലിലുള്ള അഞ്ച് പേരേയും ചോദ്യം ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കാണാമറയത്തുള്ള നിശബ്ദ കൊലയാളിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഇതിനിടെ കസ്റ്റഡിയിലുള്ള ഒരാളുടെ വീട്ടിൽ പോലീസും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തി. ഈ വീട്ടിലെ സഹോദരങ്ങളായ രണ്ടു പേർ പോലീസ് നിരീക്ഷണത്തിലാണ്.
നിലവിൽ സംശയത്തിന്റെ നിഴലിലുളള പോലീസുകാരനെ ഇന്നലെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കൊലപാതകം നടന്നയുടൻ നിലവിൽ അറസ്റ്റിലായിട്ടുള്ള ബി ജെ പി നേതാവുമായി പോലീസുകാരൻ നടത്തിയ വാട്ട്സ് ആപ്പ് കോൾ സംഭാഷണമാണ് പോലീസുകാരനെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുള്ളത്.
കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സുനേഷിനെ വിളിച്ചത് മാറി സുനേഷിന്റെ പേരിനോട് സമാനതയുള്ള തന്റെ പേരിലേക്ക് കോൾ വരികയായിരുന്നുവെന്നാണ് പോലീസുകാരൻ പറഞ്ഞത്.
എന്നാൽ മാറി വന്ന കോളിൽ നാല് മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണം എന്തായിരുന്നുവെന്ന ചോദ്യത്തിന് അന്വഷണ സംഘത്തോട് വ്യക്തമായ മറുപടി നൽകാൻ പോലീസുകാരന് സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
28ന് ബിജെപിയുടെ എസ് പി ഓഫീസ് മാർച്ച്
ഹരിദാസൻ കൊലക്കേസിൽ പോലീസ് ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും പോലീസ് ഭീകരത സൃഷ്ടിക്കുകയാണെന്നും ആരോപിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 28ന് എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തും.
രാവിലെ പത്തിന് ബിജെപി ദേശീയ സമിയംഗം പി.കെ. കൃഷ്ണദാസ് മാർച്ച് ഉദ്ഘാടനം ചെയ്യും.