കടുത്തുരുത്തി: കടുത്തുരുത്തി മേഖലയിലെ നിരവധി കുട്ടികളാണ് യുക്രയ്നിൽ കുടുങ്ങിയിരിക്കുന്നത്. അവിടെ സുരക്ഷിതരാണെന്ന് കുട്ടികൾ പറയുന്നുണ്ടെങ്കിലും നാട്ടിലുള്ള രക്ഷിതാക്കൾ ആശങ്കയിലാണ്.
മാഞ്ഞൂർ, കടുത്തുരുത്തി, വൈക്കം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർഥികളാണ് യുക്രയ്നിൽ കുടുങ്ങിയിരിക്കുന്നത്.മലയാളികൾ കൂടുതലുള്ളത് കർഗീവ്, കിവ് തുടങ്ങിയ പ്രദേശങ്ങളിലാണ്.
കുടുങ്ങിയവരിൽ മൂന്ന് മാസം മുൻപ് എംബിബിഎസ് പഠനത്തിനായി പോയവർ മുതൽ വർഷങ്ങൾക്കുമുന്പ് അവിടെ എത്തിയവർ വരെയുണ്ട്.
കോതനല്ലൂർ നിരവത്ത് ആർഷ മോഹൻദാസ്, കാപ്പുന്തല സ്വദേശി പ്രതിഭ രാജൻ തുടങ്ങിയവർ അവിടെ കുടുങ്ങിയവരിൽപ്പെടും.
കാപ്പുന്തല സ്വദേശിനി താമസിക്കുന്ന സ്ഥലത്ത് നിന്നാൽ ബോംബുകൾ പൊട്ടുന്ന ശബ്ദം കേൾക്കാമെന്ന് പ്രതിഭ വീട്ടുകാരോട് പറഞ്ഞതായി അച്ഛൻ രാജൻ പറഞ്ഞു.
സർട്ടിഫിക്കറ്റും വസ്ത്രങ്ങളും എടുത്തുവെക്കാൻ യുക്രയ്നിലെ അധികൃതർ ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഭക്ഷണവും വെള്ളവും കരുതിവെക്കാനും പറഞ്ഞെങ്കിലും ഇവർ സാധനം വാങ്ങാൻ എത്തിയപ്പോഴേക്കും കട കാലിയായിരുന്നു.
കോതനല്ലൂർ സ്വദേശി ആർഷ താമസിക്കുന്ന സൗത്ത് ഈസ്റ്റ് യുക്രയ്നിൽ വലിയ പ്രശ്നങ്ങൾ ഇല്ലായെന്ന് പറഞ്ഞതായി വീട്ടുകാർ വ്യക്തമാക്കി.
എന്നാൽ സ്ഥിതി ഗുരുതരമാകുകയാണെങ്കിൽ ഹോസ്റ്റലിലെ ബങ്കറിലേക്ക് മാറണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ആർഷ യുക്രയ്നിലേക്ക് പോയത്.
ഇന്നലെ വൈകുന്നേരവും കുട്ടികൾ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചെന്ന് രക്ഷകർത്താക്കൾ പറഞ്ഞു.