വിവാഹ റാഗിംഗുകളും പൊല്ലാപ്പുകളും മലബാറുകാർക്കുപുത്തരിയല്ല. എന്നാൽ, 2018 മാർച്ച് മാസത്തിൽ കണ്ണൂർ പാനൂരിൽ നടന്ന ഒരു സംഭവം ആരും അത്ര പെട്ടന്ന് മറക്കാനിടയില്ല.
കൊളവല്ലൂർ കടവത്തൂരിലാണ് സംഭവം. ഉറ്റ സുഹൃത്തിനു സാധാരണ “പണി’കളിൽ നിന്നും എന്തെങ്കിലും വ്യത്യസ്തമായി കൊടുക്കണമെന്ന സുഹൃത്തുക്കളുടെ ചിന്തയാണ് പൊല്ലാപ്പായി മാറിയത്.
വെറൈറ്റിയായിട്ട് വരനെ തട്ടിക്കൊണ്ടു പോകലും അച്ഛന് ഒരു ഭീഷണി ഫോണ് വിളിയുമാണ് സുഹൃത്തുക്കളുടെ ചിന്തയിൽ ഉദിച്ച പണി.
എന്നാൽ, ഈ പണി എട്ടിന്റെ പണിയായി തീരുമെന്ന് ചങ്ങാതിമാർ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല. ഈ സംഭവത്തിന്റെ പേരിൽ പോലീസ് സ്റ്റേഷൻ വരെ സുഹൃത്തുക്കൾ കയറിയിറങ്ങേണ്ടി വന്നു.
എന്നാൽ, ഇവരുടെ ആ ഒരു വിക്രിയ നാടിനെ മുഴുവൻ ഒരു ദിവസം മുൾമുനയിൽ നിർത്തി..
വിവാഹത്തലേന്ന് സംഭവിച്ചത് !
കടവത്തൂർ സ്വദേശിയായ യുവാവിന്റെതാണ് വിവാഹം. വിവാഹത്തിന്റെ തലേന്ന് ഒരുക്കങ്ങളെല്ലാം പുരോഗമിക്കവെയായിരുന്നു സുഹൃത്തുക്കളുടെ ഈ കൈവിട്ടകളി. സാധാരണ വിവാഹ ദിവസമാണ് സുഹൃത്തുക്കൾ പണി കൊടുക്കാറ്.
എന്നാൽ,ഇവിടെ വിവാഹ ദിവസത്തെ പണി സുഹൃത്തുക്കൾ തലേദിവസത്തേക്ക് മാറ്റുകയായിരുന്നു. അതും ചെറിയ പണിയൊന്നുമല്ല സുഹൃത്തുക്കളുടെ ചിന്തയിൽ ഉദിച്ചത്.
വരനെ തട്ടികൊണ്ടുപോകുക. അങ്ങനെ വിവാഹ തലേദിവസം സുഹൃത്തുക്കൾ ചേർന്ന് വരനെ അതിസാഹസികമായി തട്ടികൊണ്ട് പോയി.
സുഹൃത്തുക്കളുടെ ഒപ്പം പുറത്ത് പോയതാണെന്നാണ് ആദ്യം വീട്ടുകാർ വിചാരിച്ചിരുന്നത്. എന്നാൽ, അതിഥികളെല്ലാം വന്ന് വരനെ അന്വേഷിക്കാൻ തുടങ്ങി.
വീട്ടിലുള്ളവർ വരനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോണ് സ്വിച്ച് ഓഫ്. തുടർന്ന്, പരിഭ്രാന്തരായ വീട്ടുകാർ അടുത്ത സുഹൃത്തുക്കളെ വിളിച്ച് നോക്കി. അവർക്ക് അറിയില്ലെന്നായിരുന്നു മറുപടി.
വരനെ തേടി പരക്കംപാച്ചിൽ…
ഇതിനിടെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് നാടിന്റെ നാനാഭാഗങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും വരനെ കണ്ടെത്താനായില്ല. പലരും പലതും പറയാൻ തുടങ്ങി.
വേറെ പെണ്കുട്ടിയുടെ കൂടെ ഒളിച്ചോടിയെന്ന് ചിലരും വിവാഹത്തിനിഷ്ടമില്ലാതെ നാട് വിട്ടുവെന്ന് മറ്റ് ചിലരും പറഞ്ഞു പരത്തി.
ഇതോടെ വരന്റെ കുടുംബവും അടുത്ത ബന്ധുക്കളും മറ്റും കൂട്ടകരച്ചിലായി. ഇതിനിടെ, വരനെ കാണാനില്ലെന്ന വാർത്ത നാട്ടിലാകെ പരന്നതോടെ ഈ വർത്ത പെണ്വീട്ടുകാരും അറിഞ്ഞു.
ഇതോടെ വിവാഹത്തിനായി ഒരുങ്ങിയിരുന്ന നവവധുവും ബന്ധുക്കളും കൂട്ടക്കരച്ചിലായി. ഇതോടെ കാര്യങ്ങൾ
കൈവിട്ടു.
ഹലോ..റാംജി റാവു സ്പീക്കിംഗ്…
വരനെ കണ്ടെത്താനായി രാത്രി വൈകിയും അന്വേഷണം തുടരുന്നതിനിടെയാണ് വരന്റെ അച്ഛന്റെ ഫോണിലേക്ക് ഒരു ഫോണ് കോൾ വരുന്നത്.
നിങ്ങളുടെ മകൻ ഞങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നും അവനെ വിട്ടുതരാനായി ഒരു ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ആ ഫോണ് കോൾ…ഇതോടെ പിതാവും നാട്ടുകാരും പരിഭ്രാന്തരായി.
വരനെ തട്ടിക്കൊണ്ടു പോയെന്ന് അറിഞ്ഞതോടെ നാട്ടുകാർ തെരച്ചിൽ അവസാനിപ്പിച്ച് വരന്റെ വീട്ടിലെത്തി. അപ്പോഴെക്കും വരനെ കാണാതായിട്ട് ആറ് മണിക്കൂർ കഴിഞ്ഞിരുന്നു.
തട്ടിക്കൊണ്ടു പോയ വിവരം കേട്ടതോടെ വരന്റെ അമ്മ ബോധം കെട്ടുവീണു. സഹോദരിമാരുടെ കൂട്ട നിലവിളി.വരനെ എങ്ങെ രക്ഷിക്കും എന്ന് ആലോചിച്ചിരിക്കുന്പോഴാണ് തലമൂത്ത കാർന്നവർ പറയുന്നത്.
പോലീസ് സ്റ്റേഷനിൽ പരാതി നൽകാം. തുടർന്ന്, വരന്റെ അച്ഛനും അടുത്ത ബന്ധുക്കളും സ്റ്റേഷനിലെത്തി. വിശദമായ പരാതി എഴുതി നൽകി.
പോലീസ് അന്വേഷിക്കാമെന്ന് ഉറപ്പും നൽകി. ഇനി ഫോണ് കോൾ വന്നാൽ തങ്ങളെ അറിയിക്കണമെന്ന് പോലീസുകാർ നിർദേശവും നൽകി.
അന്വേഷണം സുഹൃത്തുക്കളിലേക്ക്…
വരന്റെ അച്ഛന് വന്ന ഫോണ് കോളിന്റെ പശ്ചാത്തലത്തിൽ നടത്തി അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പോലീസ് വരനെ കണ്ടെത്തി. പിന്നീടാണ്, തട്ടികൊണ്ട് പോകൽ നാടകം പൊളിയുന്നത്.
വരന്റെ നാലു സുഹൃത്തുക്കൾ തന്നെയാണ് തട്ടിക്കൊണ്ടു പോയതെന്ന് കേട്ട ബന്ധുക്കളും നാട്ടുകാരും ആദ്യം ഒന്ന് ഞെട്ടി.
തമാശയ്ക്കു ചെയ്തതാണെന്നും സംഭവത്തിന് ഒരു പഞ്ച് കിട്ടാനാണ് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നുമായിരുന്നു സുഹൃത്തുക്കളുടെ മൊഴി.
സംഭവം തമാശയായിരുന്നെങ്കിലും പരാതി നൽകിയതിനാൽ സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വരന്റെ അച്ഛന്റെ അനുമതിയോടെ ഇവരെ വിട്ടയയ്ക്കുകയായിരുന്നു.
സ്റ്റേഷനിൽനിന്ന് ഇറങ്ങുന്നതിന് മുന്പ് ഇവർ ക്ഷമാപണവും നടത്തിയിരുന്നു.
(തുടരും)