മൂന്നാർ: യുദ്ധഭൂമിയില്‍നിന്നും മടങ്ങിയെത്തുന്ന മക്കളെയും കാത്ത് മൂന്നാറിലെ മൂന്നു കുടുംബങ്ങൾ പ്രാർഥനയിലാണ്.
യുക്രയ്നില്‍ പഠിക്കുന്ന മക്കള്‍ സുഖമായി മടങ്ങി വരണേയെന്ന പ്രാര്‍ഥനയില്‍ നാടും ഒപ്പമുണ്ട്.
ഇന്ത്യന്‍ എംബസിയുടെയും ഭരണകൂടത്തിന്റെ ഇടപെടലുകളും ഒപ്പം നില്ക്കുന്ന നാട്ടുകാരുടെ പ്രാര്‍ഥനകളും തങ്ങളുടെ മക്കളെ സുഖമായി നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങള്‍.
മൂന്നാര്‍ ടൗണിലെ റഫീക് റസ്റ്ററന്റ് ഉടമയുടെ മകള്‍ റമീസ റഫീക് (22), മൂന്നാര്‍ പോതമേട് സ്വദേശി മണിയുടെ മകള്‍ എമീമ (19), ലോക്കാട് എസ്റ്റേറ്റ് ഫീല്‍ഡ് ഓഫീസര്‍ ആല്ഡ്രിന് വർഗീസിന്റെ മകള്‍ ആര്യ (20) എന്നിവരാണ് യുക്രയ്നിൽ പഠിക്കുന്നത്. റമീസ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയും എമീമ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമാണ്.
ലിവിവ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ ലിവിവില്‍ തന്നെയാണ് പഠിക്കുന്നത്. ആര്യ യുദ്ധഭീതി നിറഞ്ഞുനില്ക്കുന്ന കീവിലാണ് താമസിച്ചു പഠിക്കുന്നത്.
റമീസയും എമീമയും നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസി യുക്രയ്ൻ അതിര്‍ത്തി രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് ഇവര്‍ നാട്ടിലേക്ക് എത്താനുള്ള സാധ്യത തെളിഞ്ഞത്.
റമീസ റോഡുമാര്‍ഗം പോളണ്ടിലും എമീമ ഹംഗറിയിലുമാണ് എത്തുക.
അവിടെനിന്നും അതാതു രാജ്യങ്ങളുടെ സഹായത്തോടെ ഇവരെ നാട്ടിലേക്ക് എത്തിക്കുവാനുള്ള നീക്കമാണ് നടന്നുവരുന്നത്.
മുഖ്യന്ത്രിയും എ.രാജ എംഎൽഎയും ഇവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ബോധ്യപ്പെടുത്തുകയും എല്ലാ വിധ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ലോക്കാട് സ്വദേശി ആര്യയുടെ വീട്ടില്‍ നേരിട്ടെത്തിയ എംഎല്‍എ ആര്യയെ നാട്ടിലെത്തിക്കുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.