തിരുവനന്തപുരം: ഭഗവത്ഗീത ഇംഗ്ലീഷിലേക്കു കാവ്യരൂപത്തിൽ വിവർത്തനം ചെയ്ത് കത്തോലിക്കാ വൈദികൻ. മലങ്കര കത്തോലിക്ക സഭാ വൈദികനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ റവ.ഡോ. ആന്നിയിൽ തരകനാണ് കാവ്യരൂപത്തിൽ ഭഗവത്ഗീത വിവർത്തനം ചെയ്തത്.
മാർ ഈവാനിയോസ് കോളജിൽ നടന്ന ചടങ്ങിൽ മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ശാന്തിഗിരി ആശ്രമാധിപൻ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്ക് ആദ്യപ്രതി നൽകി പ്രകാശനകർമം നിർവഹിച്ചു.
ഭാരതത്തിൽ ആദ്യമായി ഒരു വൈദികൻ ഭഗവത്ഗീത കാവ്യരൂപത്തിൽ തർജമ ചെയ്തത് ഫാ. തരകൻ ആയിരിക്കു മെന്ന് കർദിനാൾ പറഞ്ഞു.
ഭാരതത്തിന്റെ സാംസ്കാരിക സ്രോതസ് ആയ ഗീതയെ ഭാഷാന്തരം ചെയ്തതിലൂടെ വിവർത്തകനായ തരകൻ അച്ചനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ക്രൈസ്തവ സഭയും നൂറ്റാണ്ടുകളിലൂടെ ആർജിച്ച ഭാരതീയതയ്ക്കു പുതിയ ഭാവവും രൂപവും നൽകുകയാണു ചെയ്തത്.
ക്രിസ്തുശിഷ്യനായ തോമാശ്ലീഹ ഭാരതത്തിനു നൽകിയ ക്രൈസ്തവസന്ദേശം മൂർത്തീഭാവം ധരിക്കുന്നത് ഭാരതത്തിന്റെ തനതായ സംസ്കാരത്തെ ആർജിക്കുന്പോൾ മാത്രമാണെന്നും കർദിനാൾ പറഞ്ഞു.
മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
1983- 87 കാലഘട്ടത്തിൽ അമേരിക്കയിലെ നോട്രഡാം യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം നടത്തുന്പോൾ തയാറാക്കിയ പ്രബന്ധത്തിന്റെ ഭാഗമായി ഗീത പഠിച്ചപ്പോൾ പദ്യത്തിൽ തർജമ ചെയ്ത വരികളും കുറിപ്പുകളുമാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാനമെന്ന റവ.ഡോ. തരകൻ പറഞ്ഞു.
കവിയും ഋഷിയും ഒന്നിച്ചു കൈകോർക്കുന്ന ഭാവനയുടെ പാരമ്യമാണ് ഗീത എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. മാർ ഈവാനിയോസ് കോളജ് പ്രിൻസിപ്പൽ ഡോ. ജിജിമോൻ കെ. തോമസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.
ഡോ. പീറ്റർ ചക്യത്ത്, ഡോ. കെ.വി. ജോസഫ് എന്നിവർ പ്രസംഗിച്ചു. കോളജ് ബർസാർ ഫാ. ജോഷ്വ കൊച്ചുവിളയിൽ നന്ദി പറഞ്ഞു.
ഇംഗ്ലീഷിൽ രചന നടത്തുന്ന ഫാ. ആന്നിയിൽ തരകന്റെ ഏക മലയാളം പുസ്തകമായ ഭാരതീയ ദർശനം ഇംഗ്ലീഷ് കവിതയിൽ എന്ന പുസ്തകത്തിനാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.
മാർ ഈവാനിയോസ് കോളജിൽ ഇംഗ്ലീഷ് പ്രഫസറായിരുന്ന ഇദ്ദേഹം അഞ്ചൽ സെന്റ് ജോണ്സ് കോളജ് പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.
കേരള കത്തോലിക്കാ മെത്രാൻ സമിതി ഏർപ്പെടുത്തിയ ഗുരുപൂജ അവാർഡും മികച്ച ആധ്യാത്മിക രചനയ്ക്കുള്ള ആത്മവിദ്യ അവാർഡും ലഭിച്ചിട്ടുണ്ട്.