കീവ്: മൂന്നാം ദിവസവും കീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ. സാധിക്കാവുന്ന രീതിയിലെല്ലാം ചെറുത്തുനിൽക്കാൻ ശ്രമിക്കുകയാണ് യുക്രെയ്ൻ സൈന്യം.
മൂന്നാം ദിനം ആക്രമണം ശക്തമാക്കിയ റഷ്യ താപവൈദ്യുതനിലയം ആക്രമിച്ചു. ഇവിടെ സ്ഫോടനങ്ങളും നടന്നു. അഞ്ചു വലിയ സ്ഫോടനങ്ങളാണ് കീവിന്റെ പരിസരത്തു നടന്നത്.
യുക്രെയ്നിന്റെ രണ്ടു കപ്പലുകളും തകർത്തു. ഒഡേസ തുറമുഖത്തു നങ്കൂരമിട്ടിരുന്ന രണ്ടു ചരക്കുകപ്പലുകളാണ് റഷ്യ തകർത്തത്.
അതേസമയം, പ്രത്യാക്രമണത്തിൽ റഷ്യൻ വിമാനം വെടിവച്ചിട്ടതായി യുക്രെയ്ൻ അറിയിച്ചു. കീവിനടുത്ത് വാസിൽകീവിലാണ് സൈനിക വിമാനം വെടിവച്ചിട്ടത്.
യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു
യുഎൻ സുരക്ഷാ കൗണ്‍സിൽ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ.കൗണ്‍സിലിലെ 15 അംഗങ്ങളിൽ 11 പേരും യുഎസും അൽബേനിയയും ചേർന്ന് എഴുതിയ പ്രമേയത്തിന് വോട്ട് ചെയ്തു. ഇന്ത്യയും ചൈനയും യുഎഇയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ സൈനികപിൻമാറ്റം ആവശ്യപ്പെട്ടുള്ള പ്രമേയം റഷ്യ വീറ്റോ ചെയ്തു. യുഎൻ പൊതുസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക പറഞ്ഞു.
റഷ്യ, യുക്രെയ്നിൽ നിന്നും നിരുപാധികം പിന്മാറണമെന്നാണ് യുഎൻ കരട് പ്രമേയത്തിൽ ആവശ്യപ്പെട്ടത്. യുക്രെയ്നിന് ധനസഹായത്തിന് വഴിയൊരുക്കണമെന്നും പ്രമേയത്തിലുണ്ട്.
എന്തു ചെയ്യണമെന്നറിയാതെ മലയാളി വിദ്യാർഥികൾ
കീവ്: റഷ്യന്‍ സൈന്യം യുക്രെയ്ന് തലസ്ഥാനമായ കീവിനു തൊട്ടടുത്ത് എത്തിയതോടെ മലയാളി വിദ്യാര്‍ഥികള്‍ കടുത്ത ആശങ്കയില്‍. എങ്ങനെയും അതിര്‍ത്തിയില്‍ എത്തിയാല്‍ നാട്ടിലേക്കു കൊണ്ടുവരാനുള്ള സാഹചര്യം ഒരുക്കാമെന്നാണ് എംബസിയുടെ നിലപാട്.
എന്നാല്‍ അതിര്‍ത്തിയിലേക്കുള്ള യാത്ര സംബന്ധിച്ച് കൃത്യമായ നിര്‍ദേശം നല്കാന് എംബസി അധികൃതര്‍ക്കു കഴിയുന്നില്ല. കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ലെന്നും എംബസിയില്‍നിന്ന് ഇടയ്ക്കിടെ നിര്‍ദേശങ്ങളില്‍ മാറ്റം വരുന്നത് തങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതായും വിദ്യാര്‍ഥികള്‍ പറയുന്നു.
കീവില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെയുള്ള വിനിട്സ്യായിലെ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന ഇരുപത്തഞ്ചോളം വരുന്ന സംഘം ഇന്നലെ ബസില്‍ ഹംഗേറിയന്‍ അതിര്‍ത്തിയിലേക്ക് നീങ്ങാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയപ്പോള്‍ അതിര്‍ത്തി അടച്ചുവെന്ന വാര്‍ത്തവന്നു.
ഇതേതുടര്‍ന്ന് ഇവര്‍ ഭൂഗര്‍ഭ അറയിലേക്കുതന്നെ മാറി. രണ്ടു മണിക്കൂറിനുശേഷം വീണ്ടും എംബസിയില്‍നിന്ന് അറിയിപ്പു വന്നതോടെ ബസില്‍ പുറപ്പെട്ടു.
ഇവര്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് അതിര്‍ത്തിയിലേക്ക് 800 കിലോമീറ്ററോളം ദൂരമുണ്ട്. ഇടയ്ക്ക് മാര്‍ഗതടസം നേരിടുകയോ റൂട്ട് മാറിപ്പോകേണ്ട സാഹചര്യമോ ഉണ്ടാകുമോയെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.
സൈനികരുടെയോ പോലീസിന്റെയോ അകമ്പടിയില്ലാതെയുള്ള യാത്ര അതിസാഹസമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. റിസ്ക് എടുത്ത് അതിര്‍ത്തിയില്‍ എത്തുമ്പോഴേക്കും അതിര്‍ത്തി അടച്ചാലും പ്രശ്നമാകും.
റഷ്യന്‍ സൈന്യം കീവ് കീഴടക്കുന്നതിനുമുമ്പ് എങ്ങനെയും അതിര്‍ത്തിയിലെത്താന്‍ കഴിയണമെന്ന പ്രാര്‍ഥനയിലാണ് വിദ്യാര്‍ഥികളും നാട്ടിലുള്ള ഇവരുടെ ബന്ധുക്കളും.
തടസങ്ങളുണ്ടായില്ലെങ്കില്‍ ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ മൂന്നോടെ ഇവര്‍ അതിര്‍ത്തിയിലെത്തും. കോളജ് വാഹനങ്ങളിലും മറ്റും സംഘമായി റുമേനിയന്‍ അതിര്‍ത്തിയിലേക്കു പുറപ്പെട്ട വിദ്യാര്ഥിസംഘങ്ങളുമുണ്ട്. കീവില്‍നിന്ന് റുമാനിയയിലേക്കാണ് ഏറ്റവും ദൂരക്കുറവ്.
രക്ഷപ്പെടാൻ സഹായിക്കാമെന്ന് അമേരിക്ക; വേണ്ടെന്ന് സെലൻസ്കി
കീവ്: യുക്രെയ്നിൽ നിന്നും പുറത്തുകടക്കാൻ സഹായിക്കാമെന്ന അമേരിക്കയുടെ സഹായം നിരസിച്ച് പ്രസിഡന്റ് സെലൻസ്കി. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സൈന്യം എത്തിയ സാഹചര്യത്തിലാണ് അമേരിക്ക സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്.
യുക്രെയ്ൻ വിടില്ലെന്നും അവസാനം വരെ രാജ്യത്ത് തന്നെ തുടരുമെന്നുമാണ് സെലൻസ്കിയുടെ നിലപാട്. കൂടാതെ രാജ്യത്തെ ജനങ്ങളോടൊപ്പം പാർലമെന്റ് അംഗങ്ങളും തോക്കെടുത്ത് റഷ്യൻ സേനയ്ക്കെതിരെ പോരാടുകയാണ്.