കൊച്ചി: കാക്കനാട് ലഹരിമരുന്നു കേസിലെ മുഖ്യപ്രതികളിലൊരാളായ ചെന്നൈ തൊണ്ടിയാര്‍പേട്ട് സ്വദേശി ഷംസുദീന്‍ സേട്ടില്‍നിന്ന് അന്വേഷണ സംഘത്തിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന.
അന്വേഷണ സംഘം ഇയാളുമായി ചെന്നൈയില്‍ തെളിവെടുപ്പ് നടത്തുകയാണ്. ഷംസുദീന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് എക്സൈസ് സംഘത്തിനു സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്.
ചെന്നൈ ട്രിപ്ലിക്കന്‍, തൊണ്ടിയാര്‍പെട്ട്, പല്ലാവരം, കുമ്മളമ്മന്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തി.
ഷംസുദീൻ മയക്കുമരുന്ന് കൈമാറിയ കേന്ദ്രവും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയ വീടും ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് അസി. എക്സൈസ് കമ്മീഷണര്‍ ടി.എം. കാസിമിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവ് ശേഖരിച്ചത്.
അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച പ്രതിയുമായി വ്യാഴാഴ്ചയാണ് എക്സൈസ് സംഘം ചെന്നൈയില്‍ എത്തിയത്. ഇയാളില്‍നിന്ന് ലഹരിമരുന്ന് കൈമാറ്റത്തെ സംബന്ധിച്ച് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മയക്കുമരുന്ന് വാങ്ങുന്നതിനും മറ്റുമായി ഇടപാടുകാര്‍ നല്കിയ 15 ലക്ഷം രൂപയാണ് ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയത്.
കേസിലെ പ്രതികളുടെ ഫോണ്‍ കോളുകള്‍, ബാങ്ക് രേഖകള്‍ എന്നിവയില്‍ നിന്നാണ് ഷംസുദീന്റെ പങ്ക് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. മലയാളികള്‍ക്കടക്കം നിരവധിപ്പേര്‍ക്കു മയക്കുമരുന്ന് കൈമാറിയിട്ടുള്ളതായി ഇയാള്‍ മൊഴിനല്‍കിയിരുന്നു.
കേസിലെ 25-ാം പ്രതിയാണ് ഷുസുദീന്‍ സേട്ട്. കേസില്‍ അറസ്റ്റിലായ 19 പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം കഴിഞ്ഞ 11ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഷംസുദീന്റെ അറസ്റ്റോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 20 ആയി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വി. സദയകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ജി. കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ വി.എസ്. ഷൈജു, ഡ്രൈവര്‍ ഷിജു ജോര്‍ജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.