കട്ടപ്പന: പ്ലസ്ടു വിദ്യാർഥിനി ഇടുക്കി ജലാശയത്തിൽ കാൽവഴുതിവീണു മരിച്ചു. ജന്മദിന ആഘോഷത്തിനെത്തിയ ഒൻപതംഗ സംഘത്തിലെ കാക്കനാട് പനച്ചിക്കൽ ഷാജഹാന്റെ മകൾ പ്ലസ്ടു വിദ്യാർഥിനി ഇഷാ ഫാത്തിമ (17) യാണ് മരിച്ചത്.
ഇഷയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജലാശയത്തിൽ വീണുപോയ ആറുപേരെ രക്ഷപ്പെടുത്തി.
എറണാകുളം സ്വദേശിയായ സനലിന്റെ മകളുടെ ജന്മദിനാഘോഷത്തിന് ഒപ്പം പഠിക്കുന്ന അഞ്ച് കുട്ടികളും രണ്ടു കുട്ടികളുടെ സഹോദരിമാരും ഒരു കുട്ടിയുടെ സഹോദരനും ഉൾപ്പെടെ ഒൻപത് പേരാണ് എത്തിയത്.
എല്ലാവരും വെള്ളത്തിലിറങ്ങി നിൽക്കുന്നതിനിടെ ഒരു പെണ്‍കുട്ടി കാൽവഴുതി ജലാശത്തിലേക്ക് വീണു.
ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും ജലാശയത്തിൽ വീഴുകയായിരുന്നു. കരച്ചിലും ബഹളവും കേട്ട് ഓടി എത്തിയ അഭിലാഷ് വെള്ളത്തിലേക്കു ചാടി ആറു പെണ്‍കുട്ടികളെ രക്ഷിച്ചു.
എല്ലാവരെയും രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു ആളുടെ എണ്ണമെടുത്തപ്പോഴാണ് ഇഷാ ഫാത്തിമയെ കാണ്മാനില്ലെന്ന് അറിയുന്നത്.
തുടർന്ന് അഭിലാഷ് ജലാശയത്തിൽ മുങ്ങിത്തപ്പിയെങ്കിലും കിട്ടിയില്ല.
കൂട്ടകരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികളും കട്ടപ്പനയിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും ജലാശയത്തിൽ ഏറെ നേരം മുങ്ങിത്തപ്പിയാണ് ഇഷാ ഫാത്തിമയെ കണ്ടെടുത്തത്. അപ്പോഴേക്കും ഇഷ മരിച്ചിരുന്നു.